കെ.കെ.രമ ഉൾപ്പെടെ വരുമെന്ന് അൻവർ ഉറപ്പുനൽകി

Tuesday 21 April 2026 12:01 AM IST

കൊൽക്കത്ത: സഹകരിക്കാൻ താത്‌പര്യമുണ്ടെന്നറിയിച്ച് പി.വി.അൻവർ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അയച്ച കത്ത് തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. താൻ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡി.എം.കെ) പാർട്ടി തൃണമൂലിൽ ലയിച്ചാൽ ആർ.എം.പി നേതാവ് കെ.കെ.രമ, സി.പി.എം എം.എൽ.എ പ്രതിഭ ഹരി, എൻ.സി.പി നേതാവ് തോമസ് കെ.തോമസ്, ആർ.എസ്.പി(എൽ) എം.എൽ.എ കോവൂർ കുഞ്ഞുമോൻ, ജനതാദൾ നേതാവ് കെ.പി.മോഹനൻ തുടങ്ങിയവർ ചേരുമെന്ന് അൻവർ കത്തിൽ ഉറപ്പു നൽകിയിരുന്നു.

സി.പി.എം നേതാക്കളായ കാരാട്ട് റസാഖ്, ടി.കെ.നൗഷാദ്, ബി.ജെ.പി നേതാവ് സി.കെ.പത്മനാഭൻ, സി.പി.ഐ നേതാവ് സി.ദിവാകരൻ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, മുൻ സി.പി.എം നേതാവ് ജി.സുധാകരൻ അടക്കം നിരവധി പ്രമുഖർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അൻവർ പാർട്ടി വിട്ടതിനു പിന്നാലെയാണ് കത്തുപുറത്തുവിട്ടത്.

അൻവർ പോയത് ഒരിക്കലും തിരിച്ചടിയല്ലെന്ന് പാർട്ടി വക്താവും പശ്ചിമബംഗാൾ സെക്രട്ടറിയുമായ വി.ശിവദാസൻ പറഞ്ഞു. പി.വി.അൻവർ തട്ടിപ്പുകാരനും സ്ഥിരതയില്ലാത്തവനുമാണെന്ന് പാർട്ടി മനസിലാക്കിയിരുന്നു. തട്ടിപ്പുകാരനായ അൻവറിനു കേരളത്തിൽ തൃണമൂലിനെ വളർത്താൻ കഴിയില്ലെന്ന് മനസിലാക്കി മറ്റ് സഹായങ്ങൾ നൽകിയില്ല. അൻവറിന്റെ മാനസിക നില ശരിയല്ല. ആദ്യം ചികിത്സ തേടുകയാണ് വേണ്ടതെന്നും ശിവദാസൻ പറഞ്ഞു.