ഗള്‍ഫിലേക്ക് അയക്കുന്നതില്‍ ഉള്‍പ്പടെ തടസ്സം; ഈ മേഖലയില്‍ തളര്‍ച്ച രൂക്ഷം
ഇന്ധന പ്രതിസന്ധി തിരിച്ചടി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ഇന്ധന പ്രതിസന്ധിയില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖലയ്ക്ക് അടിതെറ്റുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തെ നേരിടാന്‍ ഇറാന്‍ ഹോര്‍മുസ് ഇടനാഴി അടച്ചതും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസപ്പെട്ടതുമാണ് വ്യവസായ ഉത്പാദനത്തെ ബാധിച്ചത്. മാര്‍ച്ചില്‍ എട്ട് പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനത്തില്‍ 0.4 ശതമാനം ഇടിവുണ്ടായി. ഫെബ്രുവരിയില്‍ ഈ മേഖലകളില്‍ 2.8 ശതമാനം ഉത്പാദന വളര്‍ച്ചയുണ്ടായിരുന്നു.
പ്രധാന വ്യാവസായിക ഉത്പാദന മേഖലയിലെ രണ്ട് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന പ്രകടനമാണിത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ വ്യവസായ മേഖലകളെ യുദ്ധം പ്രതികൂലമായി ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കല്‍ക്കരി, ക്രൂഡോയില്‍, രാസവളം, വൈദ്യുതി മേഖലകളിലെ ഉത്പാദന തളര്‍ച്ച ഇക്കാലയളവില്‍ രൂക്ഷമായി. സ്റ്റീല്‍, പ്രകൃതി വാതക മേഖലകളില്‍ ഉത്പാദന വളര്‍ച്ച ദൃശ്യമായി.
കല്‍ക്കരി ഉത്പാദനത്തില്‍ കഴിഞ്ഞ മാസം നാല് ശതമാനം ഇടിവുണ്ടായി. ക്രൂഡോയില്‍ 5.7 ശതമാനവും വൈദ്യുതി 0.5 ശതമാനവും ഉത്പാദന ഇടിവ് നേരിട്ടു. രാജ്യത്തെ മൊത്തം വ്യവസായ ഉത്പാദന സൂചിക കണക്കാക്കുന്നതില്‍ 40 ശതമാനം വിഹിതം ഈ എട്ട് മേഖലകള്‍ക്കായാണ്.
രാസവളം ഉത്പാദനം താളംതെറ്റുന്നു
ഹോര്‍മുസ് ഇടനാഴി അടച്ചതോടെ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് രാസവളം ഉത്പാദന രംഗത്തിന് തിരിച്ചടിയായത്. സര്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ള പ്രധാന അസംസ്‌കൃത സാധനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഇന്ത്യയിലെത്തുന്നത്. ഫാക്ടറികള്‍ പ്രവര്‍ത്തനം നിയന്ത്രിച്ചതോടെ രാസവളം ഉത്പാദനത്തില്‍ കഴിഞ്ഞ മാസം 24.6 ശതമാനം ഇടിവുണ്ടായി. ഫെബ്രുവരിയില്‍ രാസവളം ഉത്പാദനം 3.4 ശതമാനം വളര്‍ച്ച നേടിയിരുന്നു.
കരുത്തോടെ സ്റ്റീല്‍ ഉത്പാദനം
അവലോകന കാലയളവില്‍ രാജ്യത്തെ സ്റ്റീല്‍ ഉത്പാദനത്തില്‍ 2.2 ശതമാനം വര്‍ദ്ധനയുണ്ടായി. ഫെബ്രുവരിയില്‍ ഉത്പാദനത്തില്‍ 7.6 ശതമാനം വളര്‍ച്ച നേടിയിരുന്നു. പ്രകൃതി വാതക ഉത്പാദനം ഫെബ്രുവരിയിലെ അഞ്ച് ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.4 ശതമാനമായി ഉയര്‍ന്നു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കര്‍ക്കാര്‍ പ്രകൃതി വാതക ഉത്പാദനം ഉയര്‍ത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയതാണ് നേട്ടമായത്. സമന്റ് ഉത്പാദനം നാല് ശതമാനവും റിഫൈനറി ഉത്പാദനം 0.7 ശതമാനവും ഉയര്‍ന്നു.