വിവോ,​ ഐക്യു ഫോണിൽ വ്യാജ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് തട്ടിപ്പ്

Tuesday 21 April 2026 1:31 AM IST

തിരുവനന്തപുരം: വിവോ, ഐക്യു ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. 'ഒറിജിൻ ഒ.എസ് അപ്ഡേറ്റ്" എന്ന വ്യാജേന അയയ്ക്കുന്ന സന്ദേശങ്ങളിലൂടെ മൊബൈൽ ഫോണിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും അതിലൂടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടുന്നതുമാണ് രീതി.

ഫോൺ ഉപയോഗത്തിനിടെ 'അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക" എന്ന സന്ദേശം സ്ക്രീനിലെത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതിൽ ക്ലിക്കുചെയ്താൽ ഔദ്യോഗിക അപ്ഡേറ്റിനുപകരം മാൽവെയറുകൾ അടങ്ങിയ എ.പി.കെ ഫയലുകൾ ഫോണിൽ ഡൗൺലോഡ് ആവും. ഇതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. ക്യാമറ, മൈക്രോഫോൺ, എസ്.എം.എസ്, കോൺടാക്ട് വിവരങ്ങൾ ചോർത്തിയെടുക്കും. ഇതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടും.

കരുതലെടുക്കാം

 ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

'ഫോൺ ബ്ലോക്ക് ചെയ്യും" എന്ന രീതിയിലുള്ള ഭീഷണി സന്ദേശങ്ങൾ പൂർണമായി അവഗണിക്കുക

ഫോണിലെ 'ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്സസ്" എന്ന ഓപ്ഷൻ എപ്പോഴും ഓഫാക്കിയിടുക

അബദ്ധത്തിൽ ഇത്തരം ലിങ്കിൽ ക്ലിക്കുചെയ്താൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കണം

 പരാതിപ്പെടാൻ: 1930- സൈബർ ഹെൽപ്പ്‌ലൈൻ, https://cybercrime.gov.in