രക്ഷാപ്രവർത്തനത്തിനിടെ പീഡനം: പൊലീസിനെതിരെ പരാതിക്കാരി

Tuesday 21 April 2026 1:37 AM IST

ആലപ്പുഴ: കായംകുളത്ത്​ വാഹനാപകടത്തിൽ പരിക്കേറ്റ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെ രക്ഷാപ്രവർത്തകനിൽനിന്ന്​ ലൈംഗികാതിക്രമം നേരിട്ട യുവതി ഡി.ജി.പിക്ക് പരാതി നൽകി. പരാതിയിൽ കായംകുളം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥ കേസ്​ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.

ആദ്യമൊഴിയിൽ താൻ പറഞ്ഞ പലകാര്യങ്ങളും ഒഴിവാക്കിയെന്നും പ്രതിയെ സഹായിക്കുന്ന സമീപനമാണ്​ പൊലീസിൽ നിന്നുണ്ടായതെന്നും പരാതിയിൽ പറയുന്നു​. സഹായിക്കാനെത്തിയ ആളിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നും ഇയാൾ മദ്യപിച്ചിരുന്നെന്നും പണം വാഗ്ദാനം ചെയ്തെന്നും താൻ പറഞ്ഞത് രേഖപ്പെടുത്തിയില്ല. ​ മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്നത്​ മുതലാക്കി പ്രതിയായ സിനിൽ സബാദിനെ സഹായിക്കുന്ന സമീപനമാണ് പൊലീസ്​ സ്വീകരിച്ചതെന്നും പരാതിയിലുണ്ട്​. പ്രതിക്ക്​ എളുപ്പത്തിൽ ജാമ്യംകിട്ടുന്ന വകുപ്പുകളാണ്​ ചുമത്തിയതെന്നും കായംകുളം പൊലീസിൽ നിന്ന്​ നീതി ലഭിക്കുമെന്ന്​​ ഉറപ്പില്ലെന്നും പറയുന്നു.