എണ്ണപ്പലഹാരങ്ങൾക്കും ഭക്ഷണ സാധനങ്ങൾക്കും വില കുതിക്കുന്നു, പ്രതിസന്ധിക്ക് പിന്നിൽ
കട്ടപ്പന: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വിപണിയിൽ വിലക്കയറ്റം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഉത്പന്നങ്ങളുടെ വിലയിൽ 20 മുതൽ 50 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്കും വില ഉയർന്നു തുടങ്ങി. ഇറക്കു മതി ഉത്പന്നങ്ങൾക്കാണ് നിലവിൽ വലിയ തോതിൽ വില ഉയർന്നിരിക്കുന്നത്.
പ്ലാസ്റ്റിക് കവറുകൾ, വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പാചക എണ്ണ എന്നിവയ്ക്കാണ് വില വർദ്ധന പ്രകടമായിരിക്കുന്നത്. ആഹാര സാധനങ്ങളുടെ പായ്ക്കിങ്ങിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് കിലോയ്ക്ക് 70 മുതൽ 100 രൂപവരെയാണ് വില ഉയർന്നിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക് കവറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങളുടെ വിലയിലും മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പാചക എണ്ണ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. വിവിധ കമ്പനികളുടെ എണ്ണ വില ലിറ്ററിന് 20 മുതൽ 40 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. ചില കമ്പനികൾ പഴയ വിലയിൽ ഇപ്പോഴും വിൽപ്പന നടത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് സൂചന. ഇങ്ങനെ വന്നാൽ എണ്ണയിൽ തയാറാക്കുന്ന ഭക്ഷണ സാധനങ്ങൾക്കും വില ഉയരാൻ കാരണമാകും.
പാചക വാതക ക്ഷാമം രൂക്ഷമായതോടെ ചെറുകിട സംരംഭങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനം പാടെ താളം തെറ്റിയ നിലയിലാണ്. ഇതിനു പുറമേയാണ് വിവിധ ഉത്പന്നങ്ങൾക്കും വിപണിയിൽ വില വർദ്ധനവുണ്ടാകുന്നത്. വിലക്കയറ്റം രൂക്ഷമായി തുടർന്നാൽ വരും ആഴ്ചകളിൽ നിത്യോപയോഗ സാധനങ്ങൾക്കും ക്രമാതീതമായി വില വർധനവുണ്ടായേക്കും.
വനിതാ സംരംഭങ്ങളും പ്രതിസന്ധിയിൽ
നിരവധി വനിതകളുടെ ഉപജീവന മാർഗത്തെയും വിലക്കയറ്റം ബാധിക്കുന്നുണ്ട്. എണ്ണയിൽ വറുത്ത പലഹാരങ്ങൾ, ചപ്പാത്തി, അപ്പം, മാവ് തുടങ്ങിയവ ഉണ്ടാക്കി വിൽപ്പന നടത്തുന്ന നിരവധി സംരംഭങ്ങൾ നാട്ടിലുണ്ട്. കുടുംബശ്രീ പ്രസ്ഥാനങ്ങളാണ് ഇവയിൽ ഏറെയും. എണ്ണയ്ക്കും പായ്ക്കിങ് കവറിനും ഉണ്ടായിരിക്കുന്ന വില വർദ്ധനവ് ഇത്തരം സംരംഭങ്ങളുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
കൃത്രിമ സൃഷ്ടിയോ
വില വർദ്ധന കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. യുദ്ധത്തിന്റെ മറവിൽ കൃത്രിമായി വില ഉയർത്തുന്നത് തടയാൻ നിലവിൽ സർക്കാർ മാർഗങ്ങൾ ഇടപെടുന്നില്ലെന്നും പരാതികൾ ഉണ്ട്.