പന്നിഫാമിന്റെ പ്രവർത്തനം പഞ്ചായത്ത് തടഞ്ഞു

Tuesday 21 April 2026 3:12 PM IST

പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് ഏഴാം വാർഡ് ആനച്ചാൽ പാറപ്പുറത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാമിന്റെ പ്രവർത്തനം പഞ്ചായത്ത് നിറുത്തിവപ്പിച്ചു. ആനച്ചാൽ പാറപ്പുറം പൗരസമിതിയുടെ പരാതിയിലാണ് നടപടി. ഫാമിലുണ്ടായിരുന്ന 70ഓളം പന്നികളെ മറ്റൊരിടത്തേക്ക് മാറ്റി. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ മാലിന്യം തെറ്റായി കൈകാര്യം ചെയ്തതിന് 50,000 രൂപ പിഴയടപ്പിച്ചു. പന്നിഫാമിനോട് ചേർന്ന് ഫാം ഉടമയുടെ രണ്ടേക്കർ ചതുപ്പുനിലം പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ച് അനധികൃതമായി നികത്തിയതിനും നടപടി സ്വീകരിച്ചു. ഭുമിയിൽ നിക്ഷേപിച്ചിട്ടുള്ള 6,580 കിലോ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് 1200 ചാക്കുകളിലാക്കി ഉടമയുടെ ചെലവിൽ അംഗീകൃത ഏജൻസിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി.എച്ച്. ജമാൽ, വാർഡ് അംഗം ലീന ശക്തിധരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. അജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. ദീപക് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.