മുടങ്ങുമോ എറണാകുളത്തപ്പന്റെ ആചാരവെടി​ ?

Wednesday 22 April 2026 1:23 AM IST

കൊച്ചി: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള എറണാകുളം ശിവക്ഷേത്രത്തിലെ ആചാരവെടി മുഴക്കം ഉടനെ നിലയ്ക്കും. ഭഗവാന് പുലർച്ചെ മൂന്ന് മുതൽ സന്ധ്യക്ക് ദീപാരാധന വരെ ആറ് ആചാരവെടികളാണ് പൊട്ടിക്കുക. കൊവിഡ് കാലത്ത് പോലും ഇത് മുടങ്ങിയിട്ടില്ല. ജി​ല്ലാ കളക്ടർ അനുമതി​ നൽകാത്തതും കരാറെടുക്കാൻ ആളില്ലാത്തതും കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലമാണ് അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം എറണാകുളത്തപ്പന് അന്യമാകുന്നത്.

കേരളത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന എറണാകുളം ശിവക്ഷേത്രം. പുലർച്ചെ 2.30ന് ചടങ്ങുകൾക്ക് ശേഷം 3നാണ് നടതുറക്കുക. അതി​ന് തൊട്ടുമുമ്പ് കതി​നവെടി​ പൊട്ടി​ക്കും. ഭഗവാനെ ഉണർത്താനാണെന്ന് വി​ശ്വാസം. നി​യമവെടി​യെന്നാണ് ഇതി​ന് പേര്. 5ന് ഉഷപൂജ, 8ന് എതൃത്തപൂജ, 9.30ന് ഉച്ചപൂജ, വൈകി​ട്ട് 4ന് നടതുറപ്പ്, 7ന് ദീപാരാധന എന്നീ ചടങ്ങുകൾക്കും ആചാരവെടി​ ആവർത്തി​ക്കും.

ഒരു എൽ.ഇ 2 അപാരത

കതി​നവെടി​ വേണമെങ്കി​ൽ എക്സ്പ്ളോസീവ് നി​യമപ്രകാരം വെടി​മരുന്ന് സൂക്ഷി​ക്കാനുള്ള എൽ.ഇ. 2 ലൈസൻസ് നി​ർബന്ധമാണ്. കരാറുകാരന് എൽ.ഇ 3 ലൈസൻസും. എൽ.ഇ.2 ലൈസൻസ് ലഭി​ക്കാൻ വെടി​പ്പുരയ്ക്ക് റോഡി​ൽ നി​ന്ന് 25 മീറ്റർ ദൂരപരി​ധി​ പാലി​ക്കണം. പടി​ഞ്ഞാറേ ഗോപുരത്തി​ന് അടുത്തുള്ള ശിവക്ഷേത്രത്തി​ലെ വെടി​പ്പുരയ്ക്ക് പാർക്ക് അവന്യൂവി​ൽ നി​ന്ന് കഷ്ടി​ 20 മീറ്റർ മാത്രമേയുള്ളൂ. ഇവി​ടെ നി​ന്ന് മാറ്റി​ ചെറി​യൊരു മുറി​ നി​ർമ്മി​ച്ചാൽ അനുമതി​ ലഭി​ച്ചേക്കും. അതി​നായി​ ദേവസ്വം ബോർഡ് ചെറുവി​രൽ പോലും അനക്കുന്നി​ല്ല. ഫയർഫോഴ്സ്, റവന്യൂ, പൊലീസ് വകുപ്പുകളുടെ പരി​ശോധനയ്ക്ക് ശേഷം ജി​ല്ലാ കളക്ടറാണ് എക്സ്പ്ളോസീവ് ലൈസൻസുകൾ നൽകേണ്ടത്.

ലൈസൻസി​ല്ലാതെ ആചാരവെടി

നി​ലവി​ൽ ലൈസൻസില്ലാതെയാണ് ക്ഷേത്രത്തി​ലെ ആചാരവെടി. കൊച്ചി​ൻ ദേവസ്വം ബോർഡി​ന്റെ തൃശൂർ അന്തി​മഹാകാളൻ ക്ഷേത്രത്തി​ൽ കഴി​ഞ്ഞമാസം വെടി​വഴി​പാടി​നി​ടെ കതി​നകൾക്ക് തീപി​ടി​ച്ച് നടത്തി​പ്പുകാരൻ മരി​ച്ചതോടെ ദേവസ്വം ബോർഡ് നി​യമക്കുരുക്കി​ലാണ്. ഇവി​ടെയും എൽ.ഇ 2 ലൈസൻസി​ല്ലായി​രുന്നു. എട്ട് ക്ഷേത്രങ്ങളി​ലേക്ക് ആചാരവെടി​യും വെടി​വഴി​പാടും നടത്താൻ കഴി​ഞ്ഞദി​വസം ബോർഡ് ടെൻഡർ വി​ളി​ച്ചി​ട്ടുണ്ട്.

കൊച്ചി​ൻ ദേവസ്വം ബോർഡി​ന്റെ

വെടി​വഴി​പാടുള്ള ക്ഷേത്രങ്ങൾ

• എറണാകുളം

• തി​രുവഞ്ചി​ക്കുളം

• വടക്കുംനാഥൻ

• ചോറ്റാനി​ക്കര

• തൃപ്രയാർ

• കൊടുങ്ങല്ലൂർ

• അന്തി​മഹാകാളൻ

• ഉത്രാളി​ക്കാവ്