തൃശൂർ വെടിക്കെട്ട് അപകടം: വിശദമായ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്, മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു

Tuesday 21 April 2026 7:16 PM IST

തൃശൂർ: നാടിനെ നടുക്കിയ തൃശൂർ വെടിക്കെട്ട് അപകടത്തിൽ മജിസ്‌‌റ്റീരിയൽ തലത്തിൽ വിശദമായ അന്വേഷണം നടക്കും. ജില്ലാ കളക്‌ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ തൃശൂർ ആർഡിഒയാകും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്. അപകടത്തിൽ ഇതുവരെ 13 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ അഞ്ചുപേർക്ക് 70 ശതമാനത്തിലേറെയാണ് പരിക്ക്. ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആകെ 40ഓളം പേർ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു എന്ന് ജില്ലാ കളക്‌ടർ ശിഖാ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ പ്രായമായ സ്‌ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നുവെന്ന് സൂചനകളുണ്ട്. മരണമടഞ്ഞവരെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെയെല്ലാം തിരിച്ചറിഞ്ഞതായാണ് വിവരം.

സ്‌‌ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടുത്ത ചൂടാകാം കാരണമായതെന്ന് കരുതുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൺട്രോൾ റൂം തുടങ്ങി. നമ്പർ: 8075011853. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ അപകടം ഉണ്ടായത്. വൈകുന്നേരം ആറര കഴിഞ്ഞിട്ടും പ്രദേശത്ത് തുടർച്ചയായ സ്‌ഫോടനങ്ങൾ നടന്നതിനാൽ രക്ഷാപ്രവർത്തനം ദുസഹമായിരുന്നു. രക്ഷാപ്രവർത്തനത്തിന് നിരീക്ഷണത്തിന് ഡ്രോണുകളും തിരച്ചിലിന് റോബോട്ടുകളെയും എത്തിക്കുമെന്ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചിട്ടുണ്ട്.