'എല്ലാവരെയും സ്പർശിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ജനകീയ ദൈവമാണ് തെയ്യം'

Tuesday 21 April 2026 9:37 PM IST

ഉത്തരമലബാറിന്റെ സാംസ്‌കാരിക ഭൂമികയെ, പ്രത്യേകിച്ച് തെയ്യം എന്ന അനുഷ്‌ഠാനകലയെ ആഴത്തിൽ പഠിക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനും ഗവേഷകനുമാണ് വി.കെ. അനിൽകുമാർ. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരാണ് സ്വദേശം. തെയ്യത്തിന്റെ കഥകളും ചരിത്രവും സമൂഹവും കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ മലയാള സാഹിത്യത്തിലും സാംസ്‌കാരിക മേഖലയിലും ശ്രദ്ധേയമാണ്. 'ദൈവക്കരു' എന്ന നോവലിലൂടെയും കതിവനൂർ വീരൻ അടക്കമുള്ള തെയ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും അദ്ദേഹം വായനക്കാർക്ക് പരിചിതനാണ്.

ഡിജിറ്റൽ മാദ്ധ്യമങ്ങളിലും പോഡ്കാസ്റ്റുകളിലും സജീവമായി ഇടപെടാറുണ്ട്. തെയ്യം എന്ന കലയെ വെറുമൊരു അനുഷ്ഠാനമായി കാണാതെ സാമൂഹിക രാഷ്ട്രീയ കാഴ്ചയിലൂടെയാണ് അനിൽ നോക്കിക്കാണുന്നത്. നിലവിൽ കേരള സംഗീത നാടക അക്കാദമിയിൽ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. തെയ്യത്തെപറ്റിയുള്ള തന്റെ നിലപാടുകളെക്കുറിച്ച് അനിൽ കുമാർ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

തെയ്യം-രാഷ്ട്രീയം ആഖ്യാനം തെയ്യം വെറുമൊരു ആട്ടമല്ല, മറിച്ച് സ്വയമൊരു രാഷ്ട്രീയ ആഖ്യാനമാണ്. നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതികൾക്കപ്പുറം, മാനവിക മോചനവും പ്രകൃതിയോടുള്ള ഇണക്കവുമാണ് തെയ്യം മുന്നോട്ടുവയ്ക്കുന്നത്. ഓരോ തെയ്യത്തിനും ദൈവമാകുന്നതിന് മുൻപ് ഒരു മനുഷ്യജീവിതമുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളും അതിജീവനപ്പോരാട്ടങ്ങളും ആ ജീവിതങ്ങളിൽ കാണാം. മനുഷ്യനും പ്രകൃതിയും ഐക്യത്തോടെ നിലനിൽക്കണമെന്ന നവ സാമൂഹിക ക്രമത്തെ തെയ്യം അനുഷ്ഠാന ഘടനയിലൂടെ സാക്ഷാത്കരിക്കുന്നു. ചരിത്രപരമായും സാമൂഹികപരമായും ഇന്നും തെയ്യം പ്രസക്തമായി തുടരുന്നതിന്റെ കാരണവും ആ സവിശേഷതയാണ്.

ഗവേഷണങ്ങളിലെ പോരായ്മകൾ- വണ്ണാൻ കൂത്ത്

വണ്ണാൻ കൂത്ത്, വേടൻ പാട്ട് തുടങ്ങിയ വിജ്ഞാനപ്രദമായ ആഖ്യാനങ്ങൾ തെയ്യത്തിന്റെ ഭാഗമായുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര പഠനവിധേയമായിട്ടില്ല. കേവലം ഡാറ്റാ ശേഖരണത്തിനപ്പുറം തെയ്യക്കാരുടെ ജീവിതത്തോടൊപ്പം ദീർഘകാലം സഞ്ചരിച്ചാൽ മാത്രമേ ഇത്തരം കലകളുടെ ആഴം മനസിലാക്കാൻ സാധിക്കൂ. നിലവിലെ പഠനങ്ങൾ തെയ്യത്തിന്റെ ബാഹ്യമായ വശങ്ങളെ കേന്ദ്രീകരിക്കുമ്പോൾ അതിനുള്ളിലെ ഭാഷാപരവും സാഹിത്യപരവും ശാസ്ത്രീയവുമായ വിജ്ഞാനശേഖരങ്ങൾ പുറത്തുകൊണ്ടുവരാൻ ഏറെ നാളത്തെ സമഗ്രമായ അന്വേഷണങ്ങൾ ആവശ്യമാണെന്നാണ് അനിൽകുമാർ പറയുന്നത്.

തെയ്യത്തിൽ സമഗ്രമായ പഠനത്തിന്റെ അഭാവമുണ്ട്

തെയ്യത്തിലെ വിപുലമായ ആഖ്യാനങ്ങൾ, വ്യുൽപ്പത്തികൾ (പുരാവൃത്തങ്ങൾ), തോറ്റംപാട്ടുകൾ, അനുഷ്ഠാന ഘടനകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിന്റെ അഭാവം ഈ രംഗം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. നിലവിൽ തെയ്യം കെട്ടാൻ നിരവധി കലാകാരന്മാർ മുന്നോട്ടുവരുന്നുണ്ട് എന്നതും ധാരാളം കാവുകളിൽ തെയ്യം നടക്കുന്നുണ്ട് എന്നതും ആശ്വാസമാണ്. അതുകൊണ്ട് തന്നെ പ്രകടനപരമായി തെയ്യം പ്രതിസന്ധി നേരിടുന്നില്ല.

എങ്കിലും തെയ്യത്തിന്റെ ആന്തരിക വിജ്ഞാനശേഖരം പുതിയ തലമുറ പഠിച്ചെടുക്കുന്നില്ല. അത്തരം അറിവുള്ള മുതിർന്ന തെയ്യക്കാരുടെ കുറവും വലിയ വിടവാണ് സൃഷ്ടിക്കുന്നത്. നിലവിൽ ജീവിച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന തെയ്യക്കാർക്ക് മാത്രമാണ് ഈ ആഖ്യാനങ്ങളും പാട്ടുസമ്പ്രദായങ്ങളും കൃത്യമായി അറിയാവുന്നത്. ഇവർക്ക് ശേഷം പുതിയ തലമുറ ഇത് ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ തെയ്യത്തിന്റെ സാഹിത്യവും ജ്ഞാനപാരമ്പര്യവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. വരുംതലമുറയ്ക്ക് ഈ വിജ്ഞാനമാർഗങ്ങൾ പകർന്നുനൽകാൻ സാധിക്കാതെ വരുന്നത് തെയ്യം ഭാവിയിൽ നേരിടാൻ പോകുന്ന ഗൗരവകരമായ പ്രതിസന്ധി തന്നെയാണ്.

കേവലം പ്രകടനമല്ല തെയ്യത്തിലെ 'മതസൗഹാർദം'

ഹിന്ദുമതവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴും പൗരോഹിത്യത്തിന്റെ വിധിനിരോധനങ്ങളെയും ശുദ്ധിവാദങ്ങളെയും പൂർണമായും നിരാകരിക്കുന്ന ഒരനുഷ്ഠാനമാണ് തെയ്യം. പൗരോഹിത്യം അശുദ്ധമെന്ന് കരുതി മാറ്റിനിർത്തുന്ന മദ്യവും മാംസവും തെയ്യം അനുഷ്ഠാനത്തിന്റെ ഭാഗമായി സ്വീകരിക്കുന്നു. ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ തെയ്യം മുസ്ലീം സഹോദരങ്ങളെയും ഇതര മതസ്ഥരെയും ചേർത്തുപിടിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

തെയ്യത്തിലെ 'മതസൗഹാർദം' കേവലമൊരു പ്രകടനമല്ല, മറിച്ച് ചരിത്രപരവും വൈകാരികവുമായ ഒരു ഇഴയടുപ്പമാണ്. മാപ്പിള തെയ്യങ്ങൾക്കും ഉമ്മച്ചി തെയ്യങ്ങൾക്കും പുറമെ, ഉത്തര മലബാറിലെ മിക്ക പെരുംകളിയാട്ടങ്ങളിലും മുസ്ലീം തറവാട്ടുകാർക്ക് ആചാരപരമായ സ്ഥാനമുണ്ട്. മുസ്ലീം പ്രതിനിധികളെ കാവിലേക്ക് ആനയിക്കുന്നതും പഞ്ചസാരക്കലം സമർപ്പിക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്.

തെയ്യം മുസ്ലീം സഹോദരങ്ങളെ 'അപരൻ' ആയിട്ടല്ല കാണുന്നത്. 'മാടായി നഗരേ വാണവർ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആ സമുദായത്തിന്റെ വ്യാവസായികവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ തെയ്യം ആദരിക്കുന്നുവെന്ന് അനിൽ ചൂണ്ടിക്കാണിക്കുന്നു. പൗരോഹിത്യം അകറ്റിനിർത്തുന്ന തന്ത്രിയുടെ വിശുദ്ധിയല്ല തെയ്യത്തിനുള്ളത്; മറിച്ച് എല്ലാവരെയും സ്പർശിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ഒരു ജനകീയ ദൈവമാണ് തെയ്യം. ജാതിമതവർണ വ്യത്യാസങ്ങൾക്കപ്പുറം പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഐക്യത്തോടെ കഴിയേണ്ടുന്ന സാമൂഹിക വ്യവസ്ഥയുടെ ആകെത്തുകയാണ് തെയ്യം മുന്നോട്ടുവയ്ക്കുന്നത്.

ആധുനിക കല- തെയ്യം കാഴ്‌ച്ചക്കാ‌ർ

ആഗോളതലത്തിൽ കലയുടെ നിർവചനങ്ങളും ആസ്വാദനരീതികളും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. കേവലമൊരു കാഴ്ചക്കാരൻ നിഷ്‌ക്രിയമായി കലയെ ആസ്വദിക്കുന്ന രീതി മാറി, കാണികൂടി കലയുടെ ഭാഗമായി മാറുന്ന 'ആ‌ർട്ട് ഇൻസ്റ്റുലേഷൻ' പോലുള്ള പരീക്ഷണങ്ങൾ ഇന്ന് സജീവമാണ്. കൊച്ചി ബിനാലെ പോലുള്ള വേദികളിൽ നാം കാണുന്ന ഇത്തരം ആധുനിക കലാസങ്കൽപ്പങ്ങളുടെ വേരുകൾ പരിശോധിച്ചാൽ അവ തെയ്യം പോലുള്ള അനുഷ്ഠാനകലകളുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം.

തെയ്യം ഒരു കാണിയെ കേവലം പ്രേക്ഷകനായി മാത്രം മാറ്റിനിർത്തുന്നില്ല. പകരം ആ അനുഷ്ഠാന പ്രക്രിയയുടെ അവിഭാജ്യഘടകമായി കാഴ്‌ച്ചക്കാരനെ മാറ്റുന്നു. തെയ്യം വിശ്വാസിയുടെ കൈപിടിച്ചു സംസാരിക്കുന്നതും, ആയുധങ്ങളോ മദ്യപാത്രമോ കൈമാറുന്നതും ഇതിന് ഉദാഹരണമാണ്. വൈരജാതൻ, പുലിമറഞ്ഞ തൊണ്ടച്ചൻ തുടങ്ങിയ തെയ്യങ്ങളിലും പടയോട്ടം ചിത്രീകരിക്കുന്ന 'തട്ടും വെള്ളാട്ട'ത്തിലും കാഴ്‌ച്ചക്കാർ തന്നെയാണ് പടയാളികളായി മാറുന്നത്.

ഇന്ന് നാം ചർച്ച ചെയ്യുന്ന നവീനമായ ആർട്ട് പ്രാക്ടീസുകൾക്കും ആഖ്യാനങ്ങൾക്കും തെയ്യം പോലുള്ള രംഗകലകളുമായി വലിയ സാമ്യമുണ്ട്. കലയും കാണിയും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന ഈ 'കലാവിഷ്‌ക്കാരം' നൂറ്റാണ്ടുകളായി നമ്മുടെ കാവുകളിൽ നിലനിൽക്കുന്നതാണ്. സമകാലിക കലാനിർമ്മിതികളെ സ്വാധീനിക്കാൻ തെയ്യത്തിന്റെ ഈ രാഷ്ട്രീയസാമൂഹിക വേരുകൾക്ക് സാധിച്ചിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

കലയുടെ പ്രഹരശേഷി-ചരിത്ര നീതി

കലയ്ക്ക് ഒരു പ്രഹരശേഷിയുണ്ട്. സ്വന്തം ചോരയുടെ കണക്ക് ചോദിക്കാനാണ് തെയ്യം വരുന്നത്. ചതിയിലൂടെയും വിവേചനത്തിലൂടെയും കൊല ചെയ്യപ്പെട്ടവരാണ് തെയ്യങ്ങളായി പുനർജനിക്കുന്നത്. വെട്ടിമാറ്റിയാലും വീണ്ടും മുളയ്ക്കുന്ന കാട്ടുചെടിയുടെ കരുത്ത് ഈ കലയ്ക്കുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും കണക്കുചോദിക്കുന്ന കലയുടെ ഈ സ്വഭാവത്തെ നിഷേധിക്കാൻ ആർക്കും കഴിയില്ല.

എഐ കാലഘട്ടം തെയ്യത്തിന്റെ ആഗോള കാഴ്ച ഡിജിറ്റൽ സാങ്കേതികവിദ്യ തെയ്യത്തിന് പുതിയൊരു ആഗോള സ്വീകാര്യത നൽകിയിട്ടുണ്ട്. യൂട്യൂബും സോഷ്യൽ മീഡിയയും വഴി ലോകത്തിന്റെ ഏത് കോണിലിരുന്നും തെയ്യം കാണാൻ ഇന്ന് സാധിക്കുന്നു. ഇത് തെയ്യത്തിന്റെ പ്രാദേശികമായ ഒറ്റപ്പെടലിനെ ഇല്ലാതാക്കുന്നു. എങ്കിലും, അണിയറയിലെ രഹസ്യ സ്വഭാവവും ആചാരപരമായ മര്യാദകളും ക്യാമറക്കണ്ണുകൾക്കിടയിൽ പലപ്പോഴും ലംഘിക്കപ്പെടുന്നത് കലാകാരന്മാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

എഴുത്തും തൃക്കരിപ്പൂരിലെ അനുഭവങ്ങളും

എഴുത്ത് എന്നത് ഒരാളുടെ പരിസരങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. തൃക്കരിപ്പൂരിലെ ജീവിതവും അവിടുത്തെ തെയ്യക്കാഴ്ചകളും എന്റെ എഴുത്തിനെ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ 'ദൈവക്കരു' എന്ന നോവൽ കണ്ടുതീർത്ത കാഴ്ചകളിൽ നിന്ന് മാത്രം ഉണ്ടായതല്ല. അത് പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള എന്റെ ബോദ്ധ്യങ്ങളുടെ ഉൽപ്പന്നമാണ്. തെയ്യത്തിന്റെ പരിസരത്ത് നിന്നുകൊണ്ട് വലിയൊരു രാഷ്ട്രീയ-സാമൂഹിക നറേറ്റീവ് സൃഷ്ടിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.- വികെ അനിൽകുമാർ പറയുന്നു.