ആവേശമൊഴിയാതെ ഓഹരി നിക്ഷേപകർ

Wednesday 22 April 2026 12:18 AM IST

സമാധാന ചർച്ചകൾ കരുത്തായി

കൊച്ചി: ഇറാനും അമേരിക്കയുമായുള്ള വെടിനിറുത്തൽ നീട്ടിയേക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി മുന്നേറി. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രധാന ഓഹരി സൂചികകൾ നേട്ടമുണ്ടാക്കുന്നത്. ഇറാനുമായുള്ള ചർച്ചകൾക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ന് ഇസ്ളാമാബാദിൽ എത്തുമെന്ന വാർത്തകളാണ് നിക്ഷേപകർക്ക് ആവേശമായത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 94 ഡോളറിലേക്ക് താഴ്ന്നതും വിപണിക്ക് കരുത്ത് പകർന്നു.

പ്രധാന സൂചികയായ സെൻസെക്‌സ് 753 പോയിന്റ് നേട്ടത്തോടെ 79,273.33ൽ അവസാനിച്ചു. നിഫ്റ്റി 212 പോയിന്റ് ഉയർന്ന് 24,576.60ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. നെസ്‌ലേ ഇന്ത്യ, ഹിന്ദുസ്ഥാൻ ലിവർ, ട്രെന്റ് എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബാങ്കിംഗ്, എഫ്.എം.സി.ജി, റിയൽറ്റി മേഖലയിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായി. ആഭ്യന്തര ഫണ്ടുകളും വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി.

നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർദ്ധന

3 ലക്ഷം കോടി രൂപ

ജി.ഡി.പി വളർച്ച 6.6 ശതമാനമാകും

നടപ്പുവർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 6.6 ശതമാനം വളർച്ച നേടുമെന്ന് യു.എൻ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 25 ശതമാനം ഇടിഞ്ഞതോടെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് കനത്ത തളർച്ചണ്ടുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 6.4 ശതമാനത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തൽ.

രൂപയ്ക്ക് സമ്മർദ്ദമേറുന്നു

ഓഹരി വിപണിയിലെ മികച്ച മുന്നേറ്റവും എണ്ണ വിലയിലെ ഇടിവും മറികടന്ന് രൂപയുടെ മൂല്യം താഴേക്ക് നീങ്ങി. രൂപയുടെ അവധി വ്യാപാരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ റിസർവ് ബാങ്ക് ഭാഗികമായ ഇളവുകൾ നൽകിയതും തിരിച്ചടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 0.4 ശതമാനം കുറഞ്ഞ് 93.50ൽ അവസാനിച്ചു.