കുന്നത്തുനാട്ടിലെ മണ്ണെടുപ്പ്: തുടരന്വേഷണത്തിന് വിജിലൻസ്
കിഴക്കമ്പലം: കുന്നില്ലാത്ത നാടായി കുന്നത്തുനാടിനെ മാറ്റിയ മണ്ണ് മാഫിയ, ഓപ്പറേഷൻ എർത്ത് ഗാർഡിലും ഒതുങ്ങില്ല. രണ്ട് ദിവസം മാളത്തിലൊളിച്ചാൽ മൂന്നാം ദിനം വീണ്ടും സർവസന്നാഹവുമായി നിരത്തിലെത്തും. സംസ്ഥാനവ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പും കടത്തലും ലക്ഷ്യമാക്കി വിജിലൻസ് ആരംഭിച്ച ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’ മിന്നൽ പരിശോധന കുന്നത്തുനാട്ടിൽ എന്ത് ചലനമുണ്ടാക്കുമെന്ന നിരീക്ഷണത്തിലാണ് നാട്ടുകാർ.
വിജിലൻസിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം 72 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കുന്നത്തുനാട്ടിൽനിന്നും വ്യക്തമായ അനധികൃത ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച അടിയന്തര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകി. ഇത് സംബന്ധിച്ച് തുടരന്വേഷണം നടത്താൻ നിർദ്ദേശം ലഭിച്ചതായും സൂചനയുണ്ട്. ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’ വഴി പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് വിജിലൻസ്.
സർക്കാരിന് സാമ്പത്തിക
നഷ്ടമെന്ന് വിലയിരുത്തൽ
അനധികൃത മണ്ണെടുപ്പ് ശക്തമായതോടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരുകയും പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. അനുവദനീയ പരിധിക്ക് മുകളിലായി മണ്ണെടുക്കാൻ ചിലർക്ക് പൊലീസ് അടക്കം ഒത്താശ ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അനധികൃതമായി മണ്ണ് നീക്കം ചെയ്യപ്പെട്ടതായി സൂചന ലഭിച്ച സ്ഥലങ്ങളിലും രഹസ്യ പരിശോധന വിജിലൻസ് പൂർത്തിയാക്കിയിട്ടുണ്ട്.
പരിശോധനകൾ നടത്തേണ്ട ഉദ്യോഗസ്ഥർ മന:പൂർവം കണ്ണടച്ചതിലൂടെ സർക്കാരിന് റോയൽറ്റി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടവും സംഭവിച്ചതായി വിജിലൻസ് വിലയിരുത്തുന്നു.
കെട്ടിട നിർമ്മാണത്തിന്റെയും വീട് നിർമ്മാണത്തിന്റെയും പേരിൽ ലഭിക്കുന്ന ട്രാൻസിറ്റ് പാസുകളും പെർമിറ്റുകളും ദുരുപയോഗം ചെയ്ത് അനുവദനീയ പരിധിക്ക് പുറത്തായി വൻതോതിൽ മണ്ണെടുപ്പ് നടന്നതായി കണ്ടെത്തി.
ഇടനിലക്കാരുടെയും മണ്ണ് മാഫിയ സംഘങ്ങളുടെയും സഹായത്തോടെ അനധികൃത ഖനനവും ഗതാഗതവും നിയന്ത്രണമില്ലാതെ തുടരുന്നു
ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി നിയമവിരുദ്ധ അനുമതികൾ നൽകി