തൊഴിലുടമകൾക്ക് സൗജന്യ ജോബ് പോർട്ടലുമായി പ്രതിധ്വനി

Wednesday 22 April 2026 12:00 AM IST

തിരുവനന്തപുരം: ഐ.ടി രംഗത്ത് മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമവിനോദ ഫോറമായ പ്രതിധ്വനി സൗജന്യ ജോബ് പോർട്ടൽ ആരംഭിച്ചു.

https://jobs.prathidhwani.org/ എന്ന ജോബ് പോർട്ടൽ ഐ.ടി പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ തൊഴിലുടമകളെ സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമാണ്.

വെബ് പോർട്ടലിലൂടെ എളുപ്പത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും തൊഴിലുടമകൾക്ക് സാധിക്കും. ഓരോ ഒഴിവിലേക്കുമുള്ള അപേക്ഷകൾ കാണാനും ട്രാക്ക് ചെയ്യാനും ഒരു സജീവ ഡാഷ്‌ബോർഡ് ആക്സസ് ചെയ്യാനുമാകും. പോർട്ടൽ വഴി തൊഴിലുടമകൾക്ക് ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങി കേരളത്തിലെ മുൻനിര ഐ.ടി ഹബ്ബുകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായി ബന്ധപ്പെടാം.

കേരളത്തിലുടനീളം അംഗങ്ങളുള്ള പ്രതിധ്വനി വാട്‌സാപ് നെറ്റ് വർക്ക് വഴിയും ജോലിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടും. ഈ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിന് സബ്സ്‌ക്രിപ്ഷൻ ഫീസ് ഇല്ല.

സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ), മുൻനിര സ്ഥാപനങ്ങൾ എന്നിവയ്ക്ക് റിക്രൂട്ട്‌മെന്റ് ആവശ്യങ്ങൾക്കായി ജോബ് പോർട്ടൽ പ്രയോജനപ്പെടുത്താം.