ബയോളജിയോടുള്ള ഇഷ്‌ടക്കുറവിൽ എൻജിനിയറിംഗിന്: നിരഞ്ജൻ ടോപ്പായി
കോട്ടയം: ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ കേരള ടോപ്പറും അഖിലേന്ത്യാ തലത്തിൽ 110-ാം റാങ്കും നേടിയ നിരഞ്ജൻ എസ്.പിള്ള ബയോളജിയോടുള്ള ഇഷ്ടക്കുറവിലാണ് എൻജിനിയറിംഗിൽ ഒരു കൈനോക്കാൻ ഇറങ്ങിയത്.
പാലാ ബ്രില്യൻസ് അക്കാഡമിയിലായിരുന്നു കോട്ടയം തെള്ളകം സ്വദേശിയായ നിരഞ്ജന്റെ എൻട്രൻസ് പരിശീലനം. മാത്തമാറ്റിക്സിൽ നൂറ് ശതമാനം സ്കോറുമുണ്ട്. മുംബയ് ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരണമെന്നാണ് ആഗ്രഹം.
ജെ.ഇ.ഇ ആദ്യ സെഷനിൽ കേരളത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന നിരഞ്ജൻ മെയിൻ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ്. എട്ടാം ക്ളാസ് മുതൽ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്സ് ചെയ്യുന്നുണ്ട്. മാന്നാനം കെ.ഇ സ്കൂൾ വിദ്യാർത്ഥിയാണ്. എട്ടാം ക്ളാസിൽ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്സ് ചെയ്യുമ്പോൾ എൻജിനിയറിംഗ് എന്നോ മെഡിസിനെന്നോ തീരുമാനിച്ചിരുന്നില്ല.
എന്നാൽ ബയോളജി പ്രയാസമായതോടെ പത്താം ക്ളാസ് മുതലാണ് തന്റെ മേഖല എൻജിനിയറിംഗാണെന്ന് ഉറപ്പിച്ചതെന്ന് നിരഞ്ജൻ പറയുന്നു. ഐ.ഐ.ടി ആഗ്രഹം ഉടലെടുത്തതോടെ കഠിനമായി അദ്ധ്വാനിച്ചു.
ബംഗളൂരു ഐ.ടി.സി ലിമിറ്റഡിൽ ഏരിയ മാനേജരായ ബി. ജിനുവിന്റെയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ടെക്നിക്കൽ ഓഫീസർ മഞ്ജു ഗോപിനാഥിന്റെയും മകനാണ്. മൂന്നാം ക്ളാസ് വിദ്യാർത്ഥി മുകുന്ദൻ സഹോദരനാണ്.
ജെ.ഇ.ഇ മെയിൻ : കേരളത്തിൽ ഒന്നാമത് നിരഞ്ജൻ ജെ. പിള്ള
ന്യൂഡൽഹി: ജോയിന്റ് എൻജിനിയറിംഗ് (ജെ.ഇ.ഇ) മെയിൻ പരീക്ഷാഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാമതെത്തിയത് നിരഞ്ജൻ ജെ. പിള്ള. കോട്ടയം കാരിത്താസ് സ്വദേശിയാണ്. 99.9956 പെർസന്റൈൽ സ്കോർ നേടി. രാജ്യത്ത് 100 പെർസന്റൈൽ സ്കോർ നേടിയത് 26 വിദ്യാർത്ഥികളാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. എല്ലാവരും ആൺകുട്ടികൾ. ഇതിൽ അഞ്ചു വീതം വിദ്യാർത്ഥികൾ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ്. ജനുവരിയിലും ഏപ്രിലിലുമായി രണ്ട് സെഷനുകളായിട്ടാണ് പരീക്ഷ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാഫലം പരിശോധിക്കാം. https://jeemain.nta.nic.in/
രജിസ്റ്റർ ചെയ്തത് - 16,04,854 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് - 15,38,468 ആൺകുട്ടികൾ - 10.06 ലക്ഷം പെൺകുട്ടികൾ - 5.31 ലക്ഷം
കട്ട്ഓഫിൽ വർദ്ധന
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള ജനറൽ വിഭാഗത്തിന്റെ കട്ട്ഓഫിൽ വർദ്ധന. 93.412 പെർസന്റൈൽ സ്കോറും മുകളിലോട്ടും നേടിയവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാം. നാലുവർഷത്തിനിടെയുള്ള ഏറ്റവും വലിയ കട്ട്ഓഫാണിത്. ഒ.ബി.സി കട്ട്ഓഫ് - 80.9232,എസ്.സി - 63.9172, എസ്.ടി - 52.0174.