കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട്: കിട്ടേണ്ടത് 1131.17കോടി

Wednesday 22 April 2026 12:00 AM IST

ന്യൂഡൽഹി: കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ടിൽ കേന്ദ്രത്തിന്റെ കടും വെട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സുപ്രീംകോടതിയിൽ സമ‌ർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, സംസ്ഥാനത്തിന് കിട്ടാനുള്ളത് 1131.17 കോടിയാണ്.

2022-23 സാമ്പത്തിക വർഷത്തിൽ 348.47 കോടി വകയിരുത്തിയെങ്കിലും 178.16 കോടി മാത്രം കൈമാറി. 2023 - 24ൽ 328.83 കോടി വകയിരുത്തിയപ്പോൾ നൽകിയത് 141.66 കോടി മാത്രം. 2024 - 25ൽ 420.91 കോടി വകയിരുത്തിയതിൽ ഒരു രൂപ പോലും കൊടുത്തില്ല. കേരളം കൃത്യമായ രേഖകൾ സമ‌ർപ്പിച്ചില്ലെന്നാണ് കാരണം പറഞ്ഞത്. 2025 - 26ൽ 452.05 കോടി അംഗീകരിച്ചെങ്കിലും 99.27 കോടി മാത്രം കൈമാറി. കേരളത്തിലെ സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ 2700ൽപ്പരം സ്‌പെഷ്യൽ എജ്യുക്കേറ്റ‌‌മാരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട ഹ‌ർജികളിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ നാലു സാമ്പത്തിക വർഷങ്ങളിലായി 1550.26 കോടി കേന്ദ്രം വകയിരുത്തി. കൈമാറിയത് 419.09 കോടി മാത്രം..

ദേശീയ വിദ്യാഭ്യാസ

നയം നടപ്പാക്കിയില്ല

കേരളം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിലും, സംസ്ഥാനത്തിന് സമഗ്ര ശിക്ഷാ ഫണ്ട് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 2025-26 സാമ്പത്തിക വർഷത്തിൽ 99.27 കോടി നൽകി. 6 മുതൽ 14 വയസു വരെയുള്ള കുട്ടികളുടെ നിർബന്ധിത വിദ്യാഭ്യാസം, സ്‌പെഷ്യൽ എജ്യുക്കേറ്റ‌‌മാരുടെ നിയമനം തുടങ്ങിയവ സംസ്ഥാന സ‌ർക്കാരിന്റെ ഉത്തരവാദിത്തമാണ്. സമഗ്ര ശിക്ഷാ ഫണ്ട് കൈത്താങ്ങ് മാത്രമാണ്. സ്‌പെഷ്യൽ എജ്യുക്കേറ്റ‌‌മാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം വകയിരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്.

തിരഞ്ഞെടുത്ത സ്‌കൂളുകളിൽ പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ 2025 ഒക്ടോബർ 23ന് കേരളം ധാരണാപത്രത്തിൽ ഒപ്പു വച്ചതാണ്. ഒക്ടോബർ 28ന് സെലക്ഷൻ പ്രക്രിയ സംസ്ഥാനം മാറ്റിവച്ചു. പദ്ധതി നടപ്പാക്കുന്നത് നിറുത്തി വച്ചതായി നവംബ‌ർ 12ന് അറിയിച്ചു. 2026 ജനുവരി 27ന് പി.എം ശ്രീ പോർട്ടൽ തുറന്നപ്പോൾ സ്‌കൂളുകളുടെ തിരഞ്ഞെടുപ്പിന് സംസ്ഥാനം അപേക്ഷിച്ചില്ല. സമഗ്ര ശിക്ഷാ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടതാണ്. 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് ചെലവാക്കുന്നതെന്നും ചൂണ്ടിക്കാട്ടി.