പശ്ചിമേഷ്യൻ പ്രതിസന്ധി വികസനം തടസപ്പെട്ടെന്ന് ബിൽഡേഴ്‌സ് അസോ.
തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ചതിനാൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ. പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, കേരള വാട്ടർ അതോറിട്ടി, തദ്ദേശ സ്ഥാപനങ്ങൾ, ദേശീയപാത പദ്ധതികൾ എന്നിവയിൽ പ്രവർത്തിക്കുന്ന കരാറുകാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. ബിറ്റുമൻ, സ്റ്റീൽ, പൈപ്പുകൾ തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില വർദ്ധിച്ചതിനാൽ നിലവിലെ കരാർ നിരക്കുകൾ പ്രായോഗികമല്ലാതായി മാറിയിരിക്കുകയാണ്. പി.എം.ജി.എസ്.വൈ, ജൽ ജീവൻ മിഷൻ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ നിലച്ചു.
മഴക്കാലം മുൻനിറുത്തി പൊതുസുരക്ഷയും പദ്ധതികളുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. നഷ്ടപരിഹാര സംവിധാനം വേഗത്തിൽ നടപ്പാക്കുക, കുടിശിക തുകകൾ ഉടൻ അനുവദിക്കുക, പിഴയില്ലാതെ കാലാവധി നീട്ടി നൽകുക എന്നിവയും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ. സതീഷ് കുമാർ, പി.ഡബ്ല്യൂ.ഡി. കമ്മിറ്റി ചെയർമാൻ ഫീലക്‌സി കെ. വർഗീസ്, കെ. വിനോദ്, മുൻ സ്റ്റേറ്റ് ചെയർമാൻ പോൾ ടി. മാത്യു, രാജേഷ് മാത്യു, സാബു ചെറിയാൻ എന്നിവർ പങ്കെടുത്തു.