നേമത്തും കഴക്കൂട്ടത്തും വി‌ജയ പ്രതീക്ഷ:16 മണ്ഡലത്തിൽ അര ലക്ഷം വോട്ടുവരെയെന്ന് ബി.ജെ.പി

Wednesday 22 April 2026 1:23 AM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്തും കഴക്കൂട്ടത്തും 60,000ത്തിലേറെ വോട്ട് നേടി വിജയിച്ചേക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. മറ്റ് 16 മണ്ഡലങ്ങളിൽ എൻ.ഡി.എ 40,000 മുതൽ 50,000 വരെ വോട്ട് നേടാം. ഇതിൽ ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫുമായോ യു.ഡി.എഫുമായോ നേരിട്ടുള്ള മത്സരമാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം ആർക്കെന്നത് സാമുദായിക അടിയൊഴുക്കുകളെക്കൂടി ആശ്രയിച്ചിരിക്കും.

17 മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ 40,000ലേറെ വോട്ടുനേടി നിർണായക ശക്തിയാവും. വോട്ടിംഗ് ശതമാനം 80വരെ ഉയർന്ന സാഹചര്യത്തിൽ പാർട്ടി ലക്ഷ്യമിട്ട വോട്ടുകൾ സമാഹരിക്കാനായാൽ ഇതിൽ ചില സീറ്റുകളിൽ വിജയം വരെ നേടാം.

അരലക്ഷം വരെ വോട്ട്

നേടാവുന്ന 16 മണ്ഡലങ്ങൾ

(ബ്രാക്കറ്റിൽ ജില്ല)

തിരുവനന്തപുരം (തിരുവനന്തപുരം),ചാത്തന്നൂർ (കൊല്ലം),മാവേലിക്കര,ചെങ്ങന്നൂർ,അരൂർ (ആലപ്പുഴ),പൂഞ്ഞാർ(കോട്ടയം), തൃപ്പൂണിത്തുറ, കുന്നത്തുനാട് (എറണാകുളം),തൃശൂർ,കൊടുങ്ങല്ലൂർ (തൃശൂർ),പാലക്കാട്, മലമ്പുഴ

(പാലക്കാട് ), കോഴിക്കോട് സൗത്ത്, കുന്ദമംഗലം (കോഴിക്കോട്),മഞ്ചേശ്വരം, കാസർകോട് (കാസർകോട്).

40,000ത്തിലേറെ വോട്ട്

നേടാവുന്ന 17 മണ്ഡലങ്ങൾ

വട്ടിയൂർക്കാവ്, കാട്ടാക്കട,വർക്കല,ആറ്റിങ്ങൽ, കോവളം (തിരുവനന്തപുരം),അടൂർ,കോന്നി,തിരുവല്ല, ആറന്മുള (പത്തനംതിട്ട),കായംകുളം (ആലപ്പുഴ),പാലാ,കാഞ്ഞിരപ്പള്ളി (കോട്ടയം),നാട്ടിക,മണലൂർ, ഷൊർണൂർ (തൃശൂ‌ർ),

ഒറ്റപ്പാലം (പാലക്കാട്), കോഴിക്കോട് നോർത്ത് (കോഴിക്കോട്).

മുസ്ലിം വോട്ടുകളുടെ

ഏകീകരണം

ഏറെ വിജയ സാദ്ധ്യതയുള്ള പല മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾക്കെതിരായ

മുസ്ലിം വോട്ടുകളുടെ ഏകീകരണം വെല്ലുവിളി ഉയർത്തുന്നുവെന്നും ബി.ജെ.പി വിലയിരുത്തൽ.

മുൻ നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി നേമത്തും കഴക്കൂട്ടത്തും ഈ വെല്ലുവിളി ബി.ജെ.പി സ്ഥാനാർ‌ത്ഥികൾക്ക് അതിജീവിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പോടെ മറ്റു രണ്ട് മുന്നണികൾക്കുമൊപ്പം എൻ.ഡി.എയും കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും വിലയിരുത്തുന്നു.