യേശുദാസിന്റെ സ്വത്ത് കൈമാറ്റത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ

Wednesday 22 April 2026 2:32 AM IST

ചെങ്ങന്നൂർ: സ്വത്തുവകകളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയിരുന്ന ആളായിരുന്നു യേശുദാസെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. എന്നാൽ മരണത്തിന് ശേഷം മാത്രമാണ് ഗബ്രിയേലിന്റെ പേരിലേക്ക് വസ്തുക്കൾ മാറ്റിയ വിവരം ബന്ധുക്കൾ അറിയുന്നത്. മക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ അറിവില്ലാതെ സ്വത്ത് കൈമാറ്റം നടത്തിയതും, രജിസ്ട്രേഷന് മൂന്ന് മാസം പിന്നിടുമ്പോഴേക്കും യേശുദാസ് മരിച്ചതും സംശയങ്ങൾക്ക് ഇടയാക്കുന്നു.

ദുരൂഹതയുള്ളതിനാൽ പോസ്റ്റുമോർട്ടത്തിന് അപേക്ഷ നൽകിയതിനെ തുടർന്ന് ഏപ്രിൽ 4ന് ചെങ്ങന്നൂർ പൊലീസ്, ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ യേശുദാസിന്റെ വീട്ടിൽ പരിശോധന നടത്തി. ആലപ്പുഴയിൽ നിന്നുള്ള സയന്റിഫിക്, ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഫോട്ടോഗ്രാഫറും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എന്നാൽ നിർണായക തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

യേശുദാസിന്റെ മകൻ ബിൻസ് 2017ൽ മരണപ്പെട്ടിരുന്നു. മകൾ ബിൻസിയും മരുമകളും ചെറുമക്കളുമാണ് നിയമപരമായ അവകാശികൾ. ഇവർ ജീവിച്ചിരിക്കെ സഹോദരൻ ഗബ്രിയേലും ഹോം നഴ്സും ചേർന്ന് ബാങ്ക് അക്കൗണ്ടുകൾ, എടിഎം കാർഡ്, മൊബൈൽ ഫോൺ എന്നിവ അനധികൃതമായി കൈക്കലാക്കിയതായും, താൻ കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്തുക്കൾ മുഴുവനും ഗബ്രിയേൽ സ്വന്തമാക്കിയതായും മരുമകൾ ലീന ആരോപിക്കുന്നു.

തന്റെ സ്ഥലത്ത് കൃഷി ചെയ്ത വാഴകൾ നീക്കം ചെയ്തതിനെ തുടർന്ന് ഗബ്രിയേലിനെതിരെ ലീന നേരത്തെ പരാതി നൽകിയിരുന്നു.

യേശുദാസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ഗബ്രിയേലും ജോലിക്കാരിയും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയത്. പിന്നീട് മരിച്ച വിവരമാണ് അറിയുന്നതെന്ന് ലീന പറഞ്ഞു. അടുത്തിടെയാണ് അന്തരിച്ച യേശുദാസും അനിയൻ ഗബ്രിയേലും അടുപ്പത്തിലായത്