തൃശൂർ വെടിക്കെട്ട് അപകടം: പരിക്കേറ്റവർക്ക് മികച്ച ​ ചികിത്സ ഉറപ്പാക്കും; തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക്

Tuesday 21 April 2026 11:47 PM IST

തൃശൂർ: തൃശൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡി.പി.എം, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തിയത്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ 13 പേരാണ് അപകടത്തെത്തുടർന്ന് ചികിത്സയിലുള്ളത്. 10 പേർ ഐ.സി.യുവിലാണ്.ഐ.സി.യുവിൽ ഉള്ളവരിൽ അഞ്ചുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവരെ വെന്റിലേറ്ററിലേക്ക് മാറ്റി. ബാക്കിയുള്ള അഞ്ചുപേരുടെ പരിക്ക് താരതമ്യേന കുറവാണെങ്കിലും വിദഗ്ധ നിരീക്ഷണത്തിനായി ഐ.സി.യുവിൽ തന്നെ തുടരുകയാണ്.

അപകടസ്ഥലത്തുനിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങളും ഒമ്പത് ശരീരഭാഗങ്ങളുമാണ് ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. എത്തിച്ച മൃതദേഹങ്ങളിൽ നാലെണ്ണം തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകാൻ നടപടി സ്വീകരിച്ചു. തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങൾ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ പോസ്റ്റ്‌മോർട്ടം നടപടികളും നിശ്ചിത പ്രോട്ടോക്കോൾ പാലിച്ച് വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.