മെറ്റീരിയൽ റൂം തുറന്ന സംഭവം: റിട്ട.ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് കളക്ടർ

Wednesday 22 April 2026 1:25 AM IST

കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് പരാമാർശം. റിട്ടേണിംഗ് ഓഫീസറുടെ നടപടി കമ്മിഷന്റെ തിരഞ്ഞെടുപ്പ് നടപടി ക്രമത്തിൽ അവമതിപ്പുണ്ടാക്കിയെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.. രണ്ട് ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകിയേക്കും.

തിങ്കളാഴ്ച രാവിലെയാണ് പേരാമ്പ്ര മണ്ഡലത്തിന്റെ പോളിംഗ് രേഖകൾ സൂക്ഷിച്ച മെറ്റീരിയൽ റൂം തുറന്നത്. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിരുന്നില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്ട് വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പോളിംഗ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്. സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇതെന്നും റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചിരുന്നു.

പേരാമ്പ്രയിലെ വോട്ടർമാരുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സി മെറ്റീരിയൽ റൂമിൽ വച്ച് സീൽ ചെയ്തിരുന്നു. വിവരങ്ങൾ സോഫ്‌ട് വെയറിൽ ചേർക്കേണ്ട ചെയ്യേണ്ട അവസാന ദിവസം ഏപ്രിൽ 20 ആയിരുന്നു. ഇതിലേക്ക് കണക്കുകൾ ഒത്തു നോക്കാനാണ് മുറി തുറന്നതെന്നും പറഞ്ഞിരുന്നു. വോട്ടു കണക്കുകളുടെ ഒറിജിനൽ മെറ്റീരിയൽ റൂമിലും കോപ്പി റിട്ടോണിംഗ് ഓഫീസറുടെ കെെവശമുണ്ടാകണമെന്നുമാണ് നടപടിക്രമം. കോപ്പിയെടുക്കാൻ മറന്നു പോയെന്ന് റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചിരുന്നു. മുറി തുറക്കുമ്പോൾ എൽ.ഡി.എഫ് പ്രതിനിധി എ.കെ മുഹ്‌സിനും യു.ഡി.എഫ് പ്രതിനിധി കെ. ശഹ്‌സാദും സ്ഥലത്തുണ്ടായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഇവരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് മുറി പൂട്ടിയതായി കളക്ടറും വിശദീകരിച്ചു.