യുവാവിനെ കൊല്ലാൻ ശ്രമം, പ്രതികൾ പിടിയിൽ

Wednesday 22 April 2026 12:22 AM IST

കൊല്ലം: ചവറ കൊട്ടാരത്തിൻകടവിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പന്മന ചിറ്റൂർ രാഹുൽ ഭവനിൽ രാഹുൽ (28), പന്മന കളരി ആമച്ചാൽ ഉദയ ഭവനത്തിൽ അരുൺ ഉദയൻ (27) എന്നിവരാണ് പിടിയിലായത്. പൊന്മന സ്വദേശിയായ സിബിയെ (38) ആണ് ഇവർ ആക്രമിച്ചത്.

കഴിഞ്ഞ 20ന് വൈകിട്ട് 3.45ന് കൊട്ടാരത്തിൻകടവിലുള്ള കടയിൽ എത്തിയ സിബിയെ പ്രതികൾ ചീത്തവിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. രാഹുൽ ചുടുകട്ട കൊണ്ട് സിബിയുടെ തലയ്ക്ക് അടിച്ച് താഴെയിട്ടു. തുടർന്ന് ഇരുവരും ചേർന്ന് സിബിയെ രാഹുലിന്റെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി നിലവിളക്ക് കൊണ്ട് വീണ്ടും തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. സിബിയുടെ തലയുടെ ഇടതുവശത്ത് ആഴത്തിലുള്ള മുറിവുണ്ടായി. 10 തുന്നൽ ഇടേണ്ടി വന്നു. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്തത്. ചവറ പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജി, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ ശ്യാംശങ്കർ, അരുൺഘോഷ്, ബൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.