എസ്.എൻ.ഡി.പി യോഗത്തിന് ഏതു നിയമം ബാധകമെന്നതിൽ കേന്ദ്രത്തിന് വാദം കേൾക്കാം

Wednesday 22 April 2026 2:50 AM IST

ന്യൂഡ‌ൽഹി: എസ്.എൻ.ഡി.പി യോഗത്തിന് സംസ്ഥാന നിയമമാണോ, കേന്ദ്ര നിയമമാണോ ബാധകമെന്നതിൽ കേന്ദ്രസർക്കാരിന് വാദം കേട്ടു തീരുമാനമെടുക്കാൻ സുപ്രീംകോടതി ഇന്നലെ കേന്ദ്ര കോ‌ർപറേറ്റ് കാര്യ മന്ത്രാലയത്തിന് അനുമതി നൽകി. കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമല്ല, കേന്ദ്ര കമ്പനി നിയമം ബാധകമെന്നാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട്. എന്നാൽ മറുപക്ഷം സംസ്ഥാന നിയമമാണ് ബാധകമെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മറുപക്ഷം നൽകിയ ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത ഹാജരായിരുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്നത് കാരണം കേന്ദ്രസർക്കാരിലെ ഹിയറിംഗ് മുടങ്ങേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പ‌ർദിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ഹിയറിംഗുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന് അനുമതി നൽകി. മേയ് 19ന് വിഷയം കോടതി വീണ്ടും പരിഗണിക്കും.എസ്.എൻ.ഡി.പി യോഗത്തിനു വേണ്ടി അഡ്വ.റോയി എബ്രഹാം ഹാജരായി.