13 വീട്ടമ്മമാർക്ക് സൗജന്യ വിമാന യാത്രയുമായി മണിരത്‌ന ഗ്രൂപ്പ്
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണിരത്‌ന ഗ്രൂപ്പ് ഉപഭോക്താക്കളായ വനിതകൾക്ക് നാളെ കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സൗജന്യ ആകാശയാത്ര ഒരുക്കുന്നു. 13 വീട്ടമ്മമാർക്കാണ് 'സ്വപ്നത്തേരിൽ" എന്ന പേരിൽ യാത്ര ഒരുക്കുന്നത്.
നാളെ രാവിലെ എട്ടിന് നെടുമ്പാശേരിയിൽ നിന്ന് സംഘം യാത്ര തിരിക്കും. വൈകുന്നേരം മടങ്ങിയെത്തും. കേരളത്തിൽ ആദ്യമായാണ് ഒരു എൻ.ബി.എഫ്.സി ഇത്തരത്തിൽ ഉപഭോക്താക്കൾക്കായി വിമാന യാത്ര സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ എസ്.വി. മണികണ്ഠൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻകാലങ്ങളിൽ ഉപഭോക്താക്കൾക്ക് സമ്മാനമായി ടി.വികളാണ് നൽകിയിരുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 22 ശതമാനം പേർ മാത്രമാണ് നിലവിൽ വിമാന യാത്ര നടത്തിയിട്ടുളളതെന്ന പഠനം പുറത്തുവന്നതോടെയാണ് ഇത്തരത്തിൽ വനിതകൾക്കായി വിമാന യാത്രയൊരുക്കാൻ തീരുമാനിച്ചത്. നറുക്കെടുപ്പിലൂടെയാണ് വിമാനയാത്രയ്ക്കുളള വിജയികളെ തിരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സ്ത്രീരത്‌ന, കുട്ടികളുടെ ഉന്നമനത്തിനായുള്ള ലിറ്റിൽ രത്‌ന എന്നി പദ്ധതികളും ചെയർമാൻ അവതരിപ്പിച്ചു. മണിരത്‌ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ധന്യ മണികണ്ഠൻ, സിദ്ധർഥ് മേനോൻ, ജനറൽ മാനേജർ സി.പി. പ്രമോദ്, മൈക്രോഫിനാൻസ് ഓപ്പറേഷണൽ ഹെഡ് എൻ.പി. പ്രജിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.