പ്രിൻസിപ്പൽ നിയമനം മാനദണ്ഡം മറികടന്ന്

Wednesday 22 April 2026 1:17 AM IST

തിരുവനന്തപുരം: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വീണ്ടും നിയമക്കുരുക്കിലേക്ക്. 33 പ്രിൻസിപ്പൽമാരെ നിയമിച്ചുള്ള ഉത്തരവ് യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണെന്നാണ് ആക്ഷേപം.

ഉത്തരവിനെതിരേ അദ്ധ്യാപകർ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2025 ഒക്ടോബറിൽ തയ്യാറാക്കിയ റാങ്ക് പട്ടികയിൽപ്പെടാത്ത 14 പേർ പുതിയ പട്ടികയിൽ ഇടംതേടിയതാണ് വിവാദമായത്. കോളേജ് ജേണലുകളിലും മാഗസിനുകളിലും എഴുതിയ ലേഖനങ്ങളടക്കം ഗവേഷണ പ്രബന്ധങ്ങളായി പരിഗണിച്ചെന്നും ആക്ഷേപമുയരുന്നു. നിയമന പട്ടിക തയ്യാറാക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്ന വ്യക്തികളായിരുന്നില്ല ഉണ്ടായിരുന്നത്. അഭിമുഖത്തിൽ വേണ്ടപ്പെട്ടവർക്ക് വാരിക്കോരി മാർക്ക് നൽകിയെന്നും പട്ടിക തയ്യാറാക്കും മുൻപ് യു.ജി.സി ചട്ടപ്രകാരമുള്ള നടപടിക്രമം പ്രസിദ്ധീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.