നടുക്കം മാറാതെ വിൻസെന്റ്: "തീ കണ്ടു, പിഴച്ചെന്ന് മനസിലായതോടെ ഓടി..''

Wednesday 22 April 2026 2:30 AM IST

തൃശൂർ: ''എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പ് നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. ഞാൻ തിരി മറിച്ചിടുകയായിരുന്നു. അപ്പോഴാണ് മരുന്ന് ഉണക്കാൻ ഇട്ടിരുന്ന സ്ഥലത്തു നിന്ന് തീ പടരുന്നത് കണ്ടത്. പിഴച്ചെന്ന് മനസിലായതോടെ ഓടി''. വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൻസന്റിന്റെ (65) വാക്കുകൾ ഇടറി. അപകടത്തിന്റെ നടുക്കത്തിലും വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളിയായ വിൻസന്റ് സംഭവം വിവരിച്ചു.

''വെടിക്കെട്ട് പുരയിലെ വേലിക്കെട്ട് ചാടി കടക്കുന്നതിനിടെയാണ് തൊഴിലാളികളായ ഭവാനിയും അനിതയും നിലത്തു കിടക്കുന്നത് കണ്ടത്. കാല് ഉളുക്കിയ ഭവാനിക്ക് എഴുന്നേൽക്കാനാവുന്നില്ല. അലറി വിളിക്കുന്നുണ്ട്. അനിതയെ പിടിച്ചെഴുന്നേൽപ്പിച്ച് ഓടാൻ പറഞ്ഞു. ഭവാനിയെ എടുത്ത് പാടത്തിന്റെ കരയിലെത്തിച്ചു. ഇതിനിടെ പൊള്ളലേറ്റ ബാബുവിനെ താങ്ങിക്കൊണ്ടുവന്നു. പക്ഷേ, എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു.

മൂന്ന് സ്ഥിരം ഷെഡുകളിലടക്കം അഞ്ചിടങ്ങളിലാണ് പടക്ക നിർമ്മാണം നടന്നിരുന്നത്. ഇന്നലെ വൈകിട്ടോടെ എല്ലാ പണികളും അവസാനിപ്പിച്ച് ഇന്ന് സാമ്പിളിനുള്ള ലോഡ് കയറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനാൽ ഇന്നലെ മുഴുവൻ പണിക്കാരും ഉണ്ടായിരുന്നു. കുറച്ചുപേർ ഉച്ചയ്ക്കുശേഷം വീടുകളിലേക്ക് പോയിരുന്നു''- വിൻസന്റ് പറഞ്ഞു. അരനൂറ്റാണ്ടിലേറെ വെടിക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിൻസന്റ് 1986ൽ തൃശൂർ പൂരം വെടിക്കെട്ട് ലൈസൻസിയായിരുന്നു.

'അവരിൽ ഇനി ആരൊക്കെ..'

''അവസാനവട്ട മരുന്ന് നിറയ്ക്കുന്നിടത്ത് അപകടം നടക്കുമ്പോൾ എട്ടോളം പേരുണ്ടായിരുന്നു. അവസാനവട്ട ഒരുക്കങ്ങൾ നോക്കാൻ തിരുവമ്പാടി ദേവസ്വത്തിലെ എതാനും പേരുമുണ്ടായിരുന്നു. അവരിൽ ഇനി ആരൊക്കെ...'' വിൻസന്റിന്റെ വാക്കുകൾ മുറിഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. വെടിക്കെട്ട് ലൈസൻസി സതീഷ് അടുത്തുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീഷ് ചികിത്സയിലാണ്.

വില്ലനായത് കടുത്ത ചൂടോ?

തീപിടിത്തമുണ്ടാകുന്നത് മൂന്നു മണി കഴിഞ്ഞിട്ടാണ്. ഈ സമയം കടുത്ത ചൂടായിരുന്നു. കരിമരുന്ന് ഉണക്കാൻ വച്ചിരുന്ന സ്ഥലത്ത് സൂര്യരശ്മികൾ ഏൽക്കാൻ സാദ്ധ്യതയുണ്ട്. രണ്ടുദിവസം മുൻപ് രണ്ട് തൊഴിലാളികൾക്ക് സൂര്യാതപമേറ്റിരുന്നുവെന്നും വിൻസെന്റ് പറഞ്ഞു

അതേസമയം, അപകട കാരണം വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ഫയർഫോഴ്‌സ് അധികൃതർ പറയുന്നു.