പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

Wednesday 22 April 2026 2:45 AM IST

തൃശൂർ: തിരുവമ്പാടി വിഭാഗത്തിനായി സാമ്പിൾ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ വൻ അപകടമുണ്ടായതോടെ തൃശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. 24നാണ് സാമ്പിൾ വെടിക്കെട്ട്. ഇന്നലെ നടന്ന അപകടത്തോടെ സാമ്പിൾ വെടിക്കെട്ടിനുള്ള സാദ്ധ്യതയും മങ്ങി. കൊച്ചിൻ ദേവസ്വം അധികൃതരുമായും ജില്ലയിലെ മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു എന്നിവരുമായും മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തി.

വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ആർ.ഡി.ഒയെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ചുമതലപ്പെടുത്തി. കളക്ടറുടെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പൂരത്തിന്റെ മറ്റ് കാര്യങ്ങൾ നിശ്ചയിക്കുക. 2021ൽ രാത്രി പൂരത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് രണ്ട് വാദ്യക്കാർ മരിച്ചതോടെ പുലർച്ചെയുള്ള വെടിക്കെട്ട് അനിശ്ചിതത്വത്തിലായിരുന്നു. അന്ന് വെടിക്കെട്ട് ഒഴിവാക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും രാവിലെ എട്ടോടെ പൊട്ടിച്ചു.

ചികിത്സയ്ക്ക് ആദ്യശ്രദ്ധ:

മന്ത്രി വാസവൻ

അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവർക്ക് ചികിത്സ നൽകാനുമാണ് ആദ്യം ശ്രദ്ധ നൽകിയതെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിക്കാനാകില്ല. ആദ്യഘട്ടത്തിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം നിർവഹിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തും. അതിനുള്ള ക്രമീകരണം സർക്കാർ നടത്തും.