വനിതകൾക്കായുള്ള ബിജെപിയുടെ പ്രതിഷേധറാലിയിൽ വൻ ഗതാഗതക്കുരുക്ക്; മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവതി
മുംബയ്: ബിജെപി സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനിടെ മന്ത്രിയോട് കയർത്തുസംസാരിച്ച് യാത്രക്കാരി. മുംബയിലെ വർളിയിലാണ് സംഭവം. പാർലമെന്റിൽ വനിതാ സംവരണബിൽ പാസാക്കാൻ പ്രതിപക്ഷപാർട്ടികൾ തയ്യാറാകാതിരുന്നതിനെതിരെയാണ് ഭരണകക്ഷിയായ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേ തുടർന്ന് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെട്ടു. ഇതിൽ പ്രകോപിതയായ യുവതി മാർച്ചിൽ പങ്കെടുത്ത മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. സ്‌കൂളിൽ നിന്നും കുട്ടിയെ വിളിക്കാനായി പോയതായിരുന്നു യാത്രക്കാരി. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീണ്ടതോടെയാണ് ഇവർ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരുടെ ഇടയിലേക്ക് എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെ വലിയ പിന്തുണയാണ് യുവതിക്ക് ലഭിക്കുന്നത്.
റാലി നടത്തണമെന്നുണ്ടെങ്കിൽ ഏതെങ്കിലും മൈതാനത്തിൽ നടത്തണമെന്നും അല്ലാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുതെന്നും യുവതി മന്ത്രിയോട് പറഞ്ഞു. നിങ്ങൾ ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണെന്നും എത്രയും വേഗം ഇവിടെനിന്ന് പോകണമെന്നും യുവതി ആവശ്യപ്പെട്ടു. മന്ത്രി ഗിരീഷ് മഹാരാജൻ അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും യുവതി കൂടുതൽ പ്രകോപിതയാകുകയായിരുന്നു. യുവതിയോട് ദേഷ്യപ്പെടാൻ തുടങ്ങിയ പൊലീസിനോട് അതേരീതിയിലാണ് യുവതിയും പ്രതികരിച്ചത്. വനിതാസംവരണബില്ലിനെ അനുകൂലിക്കാത്തതിന്റെ പേരിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ശ്രമിച്ച ഭരണപക്ഷത്തിനെതിരെ ഒരു സ്‌ത്രീ തന്നെ രംഗത്തെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി. ഇത്തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബിജെപിക്ക് എതിരെ വരുംതിരഞ്ഞെടുപ്പുകളിൽ പൊതുജനം പ്രതികരിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. രാഷ്‌ട്രീയ ലാഭത്തിനായി സ്‌ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് മഹാരാഷ്‌ട്രാ കോൺഗ്രസ് അദ്ധ്യക്ഷൻ ഹർഷവർദ്ധൻ സപ്‌കൽ ആരോപിച്ചു.
महिलांच्या सशक्तीकरणाच्या नावाखाली राजकारण करणाऱ्या, आरक्षणाचा मुद्दा पुढे करून महिलांची दिशाभूल करणाऱ्या आणि त्यांना केवळ राजकीय साधन म्हणून वापरत खोटे नॅरेटिव्ह पसरवणा-या भाजपाचा खरा चेहरा या भगिणीने वरळीहून निघालेल्या मोर्चासमोर जाऊन उघडा पाडला आहे. महिला आरक्षणाच्या आडून… pic.twitter.com/XqsPfhZY9c
— Harshwardhan Sapkal (@INCHarshsapkal) April 21, 2026