മുണ്ടത്തിക്കോട് അപകടത്തെ 'സംസ്ഥാനത്തെ സവിശേഷ ദുരന്തമായി' പ്രഖ്യാപിച്ചു; എന്താണ് പ്രത്യേകതകൾ

Wednesday 22 April 2026 12:46 PM IST

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. എന്താണ് സംസ്ഥാനത്തെ സവിശേഷ ദുരന്തം എന്ന് അറിയാമോ?

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ള പട്ടികയിൽ ഉൾപ്പെടാത്ത എന്നാൽ ഒരു സംസ്ഥാനത്തിന് മാത്രം ബാധകമായതോ, സർക്കാർ തങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുരന്തമായി പ്രഖ്യാപിക്കുന്നതോ ആയ സംഭവങ്ങളാണ് ഇത്. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ പ്രത്യേക ഭൗതിക സാഹചര്യത്തിൽ ഉണ്ടാകുന്ന വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന പ്രകൃതി ദുരന്തമോ മനുഷ്യനിർമ്മിത ദുരന്തമോ ആണ് സംസ്ഥാന സവിശേഷ ദുരന്തം.

ഇതിന്റെ പ്രത്യേകതകൾ

  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത്തരം സംഭവങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നത്.
  • ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരന്ത ബാധിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് അടിയന്തര ധനസഹായവും പുനരധിവാസവും ഉറപ്പാക്കാൻ ആകുന്നു.
  • ഇടിമിന്നൽ, കടൽക്ഷോഭം, കാറ്റ്, മണ്ണിടിച്ചിൽ, മനുഷ്യ - വന്യ ജീവി സംഘർഷം, വെടിക്കെട്ട് അപകടങ്ങൾ എന്നിങ്ങനെ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ അത് ദുരന്തമായി കണക്കാക്കി സഹായം നൽകാനാണ് സംസ്ഥാനത്തെ സവിശേഷ ദുരന്തമായി അതിനെ പ്രഖ്യാപിക്കുന്നത്.