മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യും; തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ നിർണായകമായി കഡാവർ നായ്ക്കൾ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മൃതദേഹ അവശിഷ്ടങ്ങൾക്കായി വിശ്രമമില്ലാതെ തെരച്ചിൽ നടത്തി കഡാവർ നായ്ക്കളായ മായയും മർഫിയും എയ്ഞ്ചലും. 2020 മാർച്ചിൽ പൊലീസ് സേനയിൽ ചേർന്ന ഈ നായ്ക്കൾ ബൽജിയം മലിനോയിസ് എന്ന വിഭാഗത്തിൽപ്പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളിൽപ്പെട്ടവയാണ് ഇവ. രാജ്യത്ത് കഡാവർ വിഭാഗത്തിൽ ഈ മൂന്ന് നായ്ക്കൾ മാത്രമാണുള്ളത്.
ഇലന്തൂർ നരബലിക്കേസിലും ചൂരൽമല ഉരുൾപൊട്ടൽ സമയത്തും മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ചത് ഈ നായ്ക്കളാണ്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ഇവ നേടിയിട്ടുണ്ട്. 40 അടി വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ ഇവയ്ക്ക് കഴിയും. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായ്ക്കൾക്ക് സാധിക്കും.
തൃശൂർ കേരള പൊലീസ് അക്കാഡമിയിലാണ് മായ എന്ന് വിളിപ്പേരുള്ള ലില്ലിയും മർഫിയും പരിശീലനം നേടിയത്. മണിക്കൂറുകളോളം ഇവ വിശ്രമമില്ലാതെ തെരച്ചിൽ നടത്തും. പെട്ടിമുടി ദുരന്തം, കൊക്കിയാറിലെ ഉരുൾപൊട്ടൽ, തെലങ്കാനയിലെ നാഗർകുർണൂൽ ടണൽ അപകടം എന്നിവയിൽ നിർണായക രക്ഷാപ്രവർത്തനം നടത്തിയത് ഈ നായ്ക്കളാണ്. ശവശരീരത്തിന്റെ ഭാഗങ്ങൾ, സംയുക്തകോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഇവ സഹായിക്കുന്നു. 1974ൽ അമേരിക്കയിലെ ന്യൂയോർക്കിൽ ട്രെയിനിംഗ് നൽകിയ 'പേൾ' ആണ് ആദ്യത്തെ കഡാവർ നായ.