രണ്ടാംഘട്ടത്തിന് പദ്ധതി, വൈറ്റിലയെ സംയോജിത ഗതാഗത കേന്ദ്രമാക്കും
പണം കണ്ടെത്താൻ പ്രത്യേക പദ്ധതി
വൈറ്റിലയിലെ കുരുക്കഴിക്കൽ ലക്ഷ്യം
കൊച്ചി: ആഗോളനിലവാരമുള്ള സമഗ്ര സംയോജിത ഗതാഗത കേന്ദ്രമായി വൈറ്റില മൊബിലിറ്റി ഹബിനെയും പരിസരത്തെയും മാറ്റാൻ ലക്ഷ്യമിട്ട് രണ്ടാംഘട്ട വികസന പദ്ധതി തയ്യാറാക്കുന്നു. മെട്രോ റെയിൽ, ജലഗതാഗതം, ദീർഘദൂര ബസ് സർവീസുകൾ എന്നിവയെ പദ്ധതി സംയോജിപ്പിക്കും. ഹബിന് ചുറ്റുമുള്ള 105 ഏക്കർ പ്രദേശം ഉൾപ്പെടുന്ന പദ്ധതിക്ക് 500 കോടിയിലേറെ രൂപയാണ് ചെലവ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗതകേന്ദ്രമായ വൈറ്റില ഹബിന്റെ വികസനം 15 വർഷത്തിലേറെയായി അനിശ്ചിതത്വത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയും നടപടിക്രമങ്ങളിലെ വൈകല്യങ്ങളും മൂലമാണ് ദീർഘകാലമായി പദ്ധതി മുടങ്ങിക്കിടക്കുന്നത്. വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതുൾപ്പെടെ സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി നടപടി ആരംഭിച്ചു.
സ്വയംപര്യാപ്‌തത ലക്ഷ്യം
പദ്ധതി നടപ്പാക്കാനും മികച്ചരീതിയിൽ കൈകാര്യം ചെയ്യാനും സാമ്പത്തികമില്ലാത്തതാണ് പ്രധാനതടസം. ഇതിനായി ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്പ്‌മെന്റ് മാതൃകയാണ് പരിഗണിക്കുന്നത്. വ്യാപാര - ഓഫീസ് സമുച്ചയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ നിർമ്മിക്കും. ഇതുവഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ഇതിനുൾപ്പെടെ പുതുക്കിയ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി കോർപ്പറേഷൻ തയ്യാറാക്കുന്ന ലോക്കൽ ഏരിയ പ്ലാനുമായി പദ്ധതി ബന്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. രണ്ടാംഘട്ടം പൂർത്തിയായാൽ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയും. കൊച്ചിയിലെ പ്രധാന ഗതാഗത കേന്ദ്രമായി ഹബ് മാറും. നഗരവികസനത്തിനും പദ്ധതി ഉണർവ് പകരുമെന്നാണ് പ്രതീക്ഷ. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മൊബിലിറ്റി ഹബ് വികസനത്തിന് ജീവൻ വയ്‌ക്കുന്നത് നഗരഗതാഗത മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു.
നടപ്പാകാതെ പദ്ധതികൾ 2014ൽ തയ്യാറാക്കിയ ആദ്യ പദ്ധതി റിപ്പോർട്ടിൽ 433.34 കോടി രൂപ ചെലവാണ് കണക്കാക്കിയത്. ധനസഹായം ലഭിക്കാത്തതിനാൽ വികസനം നടപ്പായില്ല. 2015ൽ തയ്യാറാക്കിയ പുതുക്കിയ റിപ്പോർട്ടിൽ ചെലവ് 500 കോടി രൂപയായി ഉയർന്നെങ്കിലും നടപ്പായില്ല.
രണ്ടാംഘട്ട വികസനം
100 ബസ് ബേകളുടെ നിർമ്മാണം ദീർഘദൂര ബസുകൾക്ക് ടെർമിനൽ
അന്തർസംസ്ഥാന ബസുകൾക്ക് കേന്ദ്രം ബഹുനില കാർ പാർക്കിംഗ് സൗകര്യം വ്യാപാര, ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ മെട്രോ, ജലഗതാഗത ഏകീകരണം