സെൻസസ് 2027: വിവരങ്ങൾ സ്വയം രേഖപ്പെടുത്താം, ഓൺലൈൻ സൗകര്യം ജൂൺ 16 മുതൽ
കൊച്ചി: സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ (സെൽഫ് എന്യൂമറേഷൻ) ജൂൺ 16 മുതൽ 30 വരെ അവസരം. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നതിന് മുൻപ് കുടുംബവിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാം. 15-20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാം. സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
നടപടികളിങ്ങനെ;
https://se.census.gov.in പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം
ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രം
ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാവില്ല
പോർട്ടലിലെ മാപ്പിൽ വീടിന്റെ സ്ഥാനം റെഡ് മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തണം
ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ്
വിജയകരമായാൽ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി (എസ്.ഇ.ഐ.ഡി) ലഭിക്കും
സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കും
ജൂൺ 30നകം വിവരങ്ങൾ സമർപ്പിക്കാത്തവരുടെ വിവരങ്ങളാണ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കുക