അശോകപുരത്ത് പൈപ്പ് പൊട്ടി, കുടിവെള്ളം മുടങ്ങി
ആലുവ: അശോകപുരം എസ്.ബി.ഐക്ക് മുൻവശം ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കോളനിപ്പടി, കോട്ടേക്കാട് മേഖലയിൽ കുടിവെള്ളം മുടങ്ങി. മൂന്ന് ദിവസമായി പൈപ്പിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് എടയപ്പുറം റോഡിലെ പൊതു കാനയിലൂടെ വൻ തോതിൽ വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപ്പെട്ടത്. മഴയും പെരിയാർ വാലി കനാലിൽ വെള്ളം ഇല്ലാത്തപ്പോഴും കാനയിലൂടെ വെള്ളം ഒഴുകാൻ സാദ്ധ്യതയില്ല. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്.ബി ഐ ശാഖക്ക് സമീപം ഭൂഗർഭ പൈപ്പ് പൊട്ടി കുടിവെള്ളം കാനയിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയത്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെത്തി അറ്റകുറ്റപ്പണി നടത്തി. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണി ക്രിസ്റ്റഫർ, പഞ്ചായത്ത് അംഗങ്ങളായ ഷിജി രാജേഷ്, സിന്ധു കുര്യൻ എന്നിവർ അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകി.