ആശങ്ക പരത്തി വീണ്ടും മോഷ്ടാവിന്റെ വിലസൽ
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിലെ വ്യാപാരസ്ഥാപനത്തിൽ വൈദ്യുതി വിതരണം തടസപ്പെടുത്തിയും സി.സി ടി.വി ക്യാമറ തിരിച്ചുവച്ചും മോഷണശ്രമം. ഷട്ടറിന്റെ താഴ് തകർക്കാൻ കഴിയാത്തതിനെത്തുടർന്ന് മോഷ്ടാവ് പിന്മാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോതമംഗലം താലൂക്കിലെ വിവിധ ചെറുടൗണുകളിൽ കഴിഞ്ഞവർഷം സമാനമായ മോഷണപരമ്പര നടന്നിരുന്നു. വൈദ്യുതി വിച്ഛേദിച്ചും സി.സി ടി.വി ക്യാമറകൾ തകരാറിലാക്കിയും നിരവധി സ്ഥാപനങ്ങളിൽ കവർച്ച നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. കോതമംഗലം, പോത്താനിക്കാട്, ഊന്നുകൽ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടും മോഷണം തുടരുന്നത് വ്യാപാരികളെ ആശങ്കയിലാക്കുന്നു. പല്ലാരിമംഗലം ശിവക്ഷേത്രത്തിൽനിന്ന് പ്രതിഷ്ഠയുടെ വെള്ളി അങ്കിയുൾപ്പെടെ കവർന്ന് ഒരാഴ്ച തികയുംമുമ്പാണ് അടിവാട് ടൗണിലെ വ്യാപാരസ്ഥാപനത്തിൽ മോഷണശ്രമം നടന്നത്. ക്ഷേത്രമോഷണത്തിൽ പോത്താനിക്കാട് പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മോഷ്ടാക്കൾ വിലസുന്ന സാഹചര്യത്തിൽ പൊലീസ് ശക്തമായി രംഗത്തിറങ്ങണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.