അപകടക്കെണിയായി കേബിളുകൾ

Thursday 23 April 2026 12:41 AM IST
എ.എം റോഡിൽ പെരുമ്പാവൂർ സസ്യമാർക്കറ്റിന് സമീപം അപകടകരമായ രീതിയിൽ കിടക്കുന്ന കേബിളുകൾ

പെരുമ്പാവൂർ: നഗരത്തിലെ പ്രധാന റോഡുകളിൽ വൈദ്യുതി പോസ്റ്റുകൾ വഴി വലിച്ചിട്ടുള്ള കേബിൾ ടിവി - ഇന്റർനെറ്റ് കേബിളുകൾ താഴ്ന്നുകിടക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. സ്വകാര്യ ഏജൻസികൾ സ്ഥാപിച്ച കേബിളുകൾ പലയിടത്തും പൊട്ടിവീണും താഴ്ന്നുതൂങ്ങിയും കിടക്കുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ പട്ടണത്തിൽ റോഡിലേക്കിറങ്ങിക്കിടക്കുന്ന കേബിളുകൾ യാത്രക്കാരുടെ സുരക്ഷ പൂർണമായും അവതാളത്തിലാക്കുന്നു. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. വലിയ വാഹനങ്ങൾ തട്ടി കേബിളുകൾ പൊട്ടിവീഴുന്നതും നിത്യസംഭവമാണ്. അനധികൃതമായും അശാസ്ത്രീയമായും വലിച്ച കേബിളുകൾ നീക്കം ചെയ്യാനോ സുരക്ഷിതമായി ക്രമീകരിക്കാനോ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ഫൈവ് സ്റ്റാർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം ടി.എം. നസീർ ആവശ്യപ്പെട്ടു.