പേട്ട റെയിൽവേ ആശുപത്രി ടോയ്ലെറ്രിൽ വെടിയുണ്ടകൾ

Thursday 23 April 2026 12:55 AM IST

തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രി ടോയ്ലെറ്റിൽ നിന്ന് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 9 എം.എം വിഭാഗത്തിൽപ്പെട്ട ഏഴു വെടിയുണ്ടകളാണ് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി. രാവിലെ ടോയ്ലെറ്റ് വൃത്തിയാക്കാൻ വന്ന ജീവനക്കാരാണ് കണ്ടത്. നിലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ വെള്ളം പുറത്തേക്ക് പോകാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടത്.

തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെയും ആർ.പി.എഫിനെയും വിവരമറിയിച്ചു. ബാലസ്റ്റിക് വിദഗ്ദ്ധരും വെടിയുണ്ട പരിശോധിച്ചു. 1985-87 കാലഘട്ടത്തിൽ പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടി നിർമ്മിച്ചവയാണ് ഇതെന്നാണ് ബാലസ്റ്റിക് വിദഗ്ദ്ധരുടെ നിഗമനം. കാലപ്പഴക്കമുള്ള ഇവ ഇപ്പോൾ ഉപയോഗിക്കാത്തവയാണ്. ആർ.പി.എഫ് മുമ്പ് ഉപയോഗിച്ചിരുന്ന വെടിയുണ്ടകളുമായി സാമ്യമുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു. ആർ.പി.എഫ് നിലവിൽ ഉപയോഗിക്കുന്നത് 2020നു ശേഷം നിർമ്മിച്ച വെടിയുണ്ടകളാണ്.

പഴയ വെടിയുണ്ടകൾ കൈവശം വച്ചിരുന്ന വിരമിച്ച ആർ.പി.എഫ് ഉദ്യോഗസ്ഥർ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. മുൻ ആർ.പി.എഫ് ഉദ്യോഗസ്ഥരടക്കമുള്ളവർ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്താറുണ്ട്. അടുത്ത കാലത്തായി പൊതുവിഭാഗത്തിലുള്ളവർക്കും ഇവിടെ ചികിത്സ നൽകുന്നുണ്ട്. പ്രതിരോധ ആവശ്യത്തിനായി നിർമ്മിച്ച വെടിയുണ്ട പുറത്തുനിന്ന് ആരെങ്കിലും കൊണ്ടുവയ്ക്കാനുള്ള സാദ്ധ്യതയില്ലെന്നും പൊലീസ് കരുതുന്നു.

ഫോറൻസിക് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം വെടിയുണ്ടകൾ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ആശുപത്രിയിലെ ജീവനക്കാരുടേയും സുരക്ഷാ ജീവനക്കാരുടേയും മൊഴിയെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ആർ.പി.എഫിന്റെ രേഖകൾ പരിശോധിച്ച് വെടിയുണ്ടകൾ ആർക്കാണ് നൽകിയതെന്ന് കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.