സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പ്, കണ്ടെത്തിയത് ശംഖുവരയൻ ഇനത്തിൽപെട്ടതിനെ തന്നെ
തൃശൂർ: കോടാലി മറ്റത്തൂരിൽ പാമ്പുകടിയേറ്റ് ആൽജോ എന്ന എട്ടുവയസുകാരൻ മരിച്ച വീട്ടിൽനിന്നും ഇന്നും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെത്തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. കുട്ടിക്ക് കടിയേറ്റ അതേ കിടപ്പുമുറിയിൽ നിന്നുതന്നെയാണ് ഇന്നും പാമ്പിനെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞദിവസം ആൽജോയേയും സഹോദരൻ 10 വയസുകാരൻ അലോജിനും ഉറക്കത്തിനിടെയാണ് കടിയേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന അലോജിനെ ഇന്നാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. ഇതിനിടെയാണ് വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ കാടിന് തീയിട്ട് പാമ്പുകളെ തുരത്താൻ ശ്രമം നടത്തുന്നതിനിടെയാണ് അൽജോയെ കടിച്ച അതേ വലിപ്പത്തിലുള്ള പാമ്പിനെ ഇന്നും ലഭിച്ചത്. സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ അലോജും ആൽജോയ്‌ക്കും ഉറക്കത്തിനിടെയാണ് കടിയേറ്റത്. തലയിണയിൽ നിന്നാണ് പാമ്പ് കടിച്ചത്. അമ്മ ജോൺസിക്കൊപ്പം ഉറങ്ങവെയായിരുന്നു സംഭവം. രണ്ട് മണിയോടെ വയറുവേദനയെന്ന് കാട്ടി കുട്ടികൾ അമ്മയെ വിളിച്ചുണർത്തി. വെള്ളിക്കുളങ്ങരയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് കഴിഞ്ഞദിവസം കുടുംബം ഉറങ്ങാൻ കിടന്നത്. അതിനാൽ ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതി. അഞ്ചരയോടെ മൂത്ത കുട്ടി വീണ്ടും അമ്മയെ വിളിച്ചുണർത്തി അസ്വസ്ഥതയുടെ കാര്യം അറിയിച്ചു. ഈ സമയം ആൽജോ അവശനിലയിലായിരുന്നു. തുടർന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധന നടത്തിയ ഡോക്‌ടറാണ് പാമ്പ് കടിയേറ്റതായി അറിയിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും വീട്ടിൽ നടത്തിയ പരിശോധനയിലാണ് ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിനെ തലയിണയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ദിവസങ്ങൾക്കകവും ശംഖുവരയൻ പാമ്പിനെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പാമ്പിനെ കിട്ടിയത്.