നിതിൻരാജിന്റെ മരണം: അദ്ധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്ന്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ആരോപണ വിധേയരായ അദ്ധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്നേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ.രാജന്റെ ഭാഗം കൂടി കേൾക്കേണ്ടതിനാലാണ് മാറ്റിയത്.
തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ജെ.വിമൽ മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം കോടതിയിൽ ഹാജരാകാൻ രാജന് നോട്ടീസ് നൽകിയിരുന്നു. അഭിഭാഷകൻ മുഖേന ഹാജരായ രാജൻ, അദ്ധ്യാപകരുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം ഇന്നു നടക്കും .ഒന്നാം പ്രതി പാത്തോളജി വിഭാഗം മുൻ മേധാവി ഡോ.എം.കെ. റാം, രണ്ടാം പ്രതി ഡോ.സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പട്ടികജാതി,പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഡോ.റാമിന് സംഭവത്തിൽ പങ്കില്ലെന്നും അദ്ദേഹം കർണാടകയിലെ ബജന്ത്രി പട്ടികവർഗ വിഭാഗത്തിൽ പെട്ടയാളാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു. അറസ്റ്റ് ചെയ്താൽ മാനസീക പീഡനത്തിന് ഇരയാകുമെന്നു ഡോ. സംഗീത ജാമ്യാപേക്ഷയിൽ പറയുന്നു. മരണം ആസൂത്രിതമായ കൊലപാതകമാണെന്നും കോളേജ് അധികൃതരാണ് ഉത്തരവാദികളെന്നും നിതിൻരാജിന്റെ കുടുംബം ആരോപിക്കുന്നു.