പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം; പ്രതികൾ  പിടിയിൽ

Thursday 23 April 2026 12:06 AM IST
സൂരജ്

പത്തനംതിട്ട : ഓമല്ലൂരിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ചെന്നീർക്കര സ്വദേശി രഞ്ജിത്തിനെ സംഘം ചേർന്ന് ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ അപഹരിക്കുകയും ചെയ്ത കേസിൽ മൂന്നു യുവാക്കളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പ്രമാടം ളാക്കൂർ പുതുപ്പറമ്പിൽ സൂരജ് (19), ഓമല്ലൂർ അയിമാലി വിളാഹം പുരയിടം വീട്ടിൽ പ്രേംജിത്ത് പ്രസാദ് (19), പത്തനംതിട്ട മണ്ണാറമല ഇലവുന്തറ പുത്തൻവീട്ടിൽ വിഷ്ണു ഭാസ്‌കരൻ (19) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 12.30നാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ.ജി, എസ്.ഐമാരായ ബിനു മോഹൻ, ബിനോയ് ബേബി , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അൽസാം, വിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ആഷർ, അനൂപ്, അനീഷ്, സുമൻ, ജിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.