അരുവാപ്പുലത്ത് കാട്ടാന ശല്യം
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ആറ്റുവശം ഭാഗത്ത് കാട്ടാന ശല്യമേറി. ഇവിടെ നിന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് മൂന്നര കിലോമീറ്ററും കോന്നി ടൗണിലേക്ക് നാല് കിലോമീറ്ററും മാത്രമാണ് ദൂരം. ആറ്റുവശം വലിയപുരയിടത്തിൽ മുരുകൻ , സനോജ് എന്നിവരുടെ കൃഷിയിടത്തിൽ കഴിഞ്ഞ രാത്രിയിലും കരിമ്പനാക്കുഴിയിൽ രാജൻ, കരിമ്പനാക്കുഴിയിൽ രാമകൃഷ്ണൻ, ഐവേലിമഠം രത്നമ്മ എന്നിവരുടെ കൃഷിയിടത്തിലും കഴിഞ്ഞദിവസം കാട്ടാനകൾ എത്തി. കുലച്ചതും കുലക്കാത്തതുമായ വാഴകൾ, കപ്പ, പച്ചക്കറി തൈകൾ, തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു. കർഷകരുടെ സോളാർ ഫെൻസിംഗ്, ഇരുമ്പ് വേലികൾ, കയ്യാലകൾ തുടങ്ങിയവ നശിപ്പിച്ചുണ്ട്. കാട്ടാനയെകൂടാതെ കുരങ്ങും മയിലും കാട്ടുപന്നിയും കർഷകർക്ക് ഭീഷണിയായി മാറുകയാണ്. വനാതിർത്തികളിൽ സോളാർ വേലികൾ ഇല്ലാത്തതും കാട്ടാനശല്യം വർദ്ധിക്കുവാൻ കാരണമായി. ഐക്യ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി രവി പിള്ള, ജില്ല സെക്രട്ടറി ജോൺസ് യോഹന്നാൻ, ജില്ലാട്രഷറർ മായ സന്തോഷ്, കോന്നി മണ്ഡലം പ്രസിഡന്റ് ഷൈലജ പ്രദീപ്, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബിന്ദു വിദ്യാധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.