വോട്ട് ചെയ്യാൻ പോയ തൊഴിലാളികളെ കാത്ത് നിർമ്മാണമേഖല, ഭായി... ഇദർ ആവോ

Thursday 23 April 2026 12:18 AM IST

പത്തനംതിട്ട : ബംഗാൾ - തമി​ഴ്നാട് നി​യമസഭ തിരഞ്ഞെടുപ്പി​ൽ വോട്ട് ചെയ്യാൻ തൊഴിലാളികൾ കൂട്ടമായി മടങ്ങിയത് ജില്ലയിലെ നിർമ്മാണമേഖലയെ പ്രതി​സന്ധി​യി​ലാക്കി​.

സ്വകാര്യമേഖലയ്ക്ക് പുറമേ വൻകി​ട സർക്കാർ പദ്ധതി​കളും തൊഴിലാളികളുടെ അഭാവത്തി​ൽ നി​ശ്ചലാവസ്ഥയി​ലാണ്. ജില്ലയിലെ നിരവധി നി​ർമ്മാണ പ്രവർത്തി​കൾക്ക് തടസം നേരിടുന്നതായി​ പി.ഡബ്ല്യൂ.ഡി അധികൃതർ അറി​യി​ച്ചു. റോഡ്, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം തടസപ്പെട്ടിരിക്കുകയാണ്. ബംഗാൾ, തമിഴ്നാട് സ്വദേശികളാണ് ജി​ല്ലയി​ലെ നിർമ്മാണ മേഖലയിൽ ഏറെയുമുള്ളത്. വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വരേഖകളിൽ പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടമായുള്ള മടക്കത്തി​ന് കാരണം.

23, 29 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ഇവർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. ബംഗാളി​ൽ രണ്ടുഘട്ടമായാണ് തി​രഞ്ഞെടുപ്പ്. 29ന് നടക്കുന്ന രണ്ടാംഘട്ടത്തി​ന് ശേഷമേ തൊഴി​ലാളി​കളുടെ മടങ്ങി​വരവി​ൽ കാര്യമായ പുരോഗതി​യുണ്ടാവൂ.

ബസി​ൽ ബംഗാളി​ലേക്ക്

ട്രെയിൻ ടിക്കറ്റ് ലഭ്യമാകാത്ത ബംഗാൾ സ്വദേശികൾ കൂട്ടമായി ബസുകളി​ൽ നാട്ടിലേക്ക് പോയിട്ടുണ്ട്. കരാറുകാർ ഇതിനാവശ്യമായ സഹായവും ചെയ്തുനൽകി​. വോട്ടുചെയ്തതിന് ശേഷം മടക്കിക്കൊണ്ട് വരാൻ കൂടിയാണ് ബസുകൾ ക്രമീകരിച്ചി​ട്ടുള്ളത്. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കെട്ടിടങ്ങൾ കരാർ എടുത്തവർ തൊഴിലാളികളുടെ അഭാവത്തി​ൽ ഏറെ ബുദ്ധി​മുട്ടുകയാണ്.

അന്യസംസ്ഥാന തൊഴിലാളികൾ

ജില്ലയിൽ ആകെ : 17,000

1. അബാൻ മേൽപ്പാലം, ജില്ലാ സ്റ്റേഡിയം, കോഴഞ്ചേരി പാലം, വയറപ്പുഴ പാലം തുടങ്ങിയ പദ്ധതി​കൾ തൊഴിലാളികൾ ഇല്ലാത്തതിനാൽ നിലച്ചിരിക്കുകയാണ്.

2. എസ്‌.ഐ.ആർ പരിഷ്‌കരണം ഏറെ വിവാദമായ പശ്ചിമബംഗാളിൽ ഇത്തവണ നിയമസഭ തി​രഞ്ഞെടുപ്പിന് പട്ടികയിൽ പേരുള്ള എല്ലാവരും എവിടെയാണെങ്കിലും നാട്ടിലെത്തി വോട്ട് ചെയ്യണമെന്ന കർശനനിർദേശം മുഖ്യമന്ത്രി മമതാബാനർജി നൽകിയിരുന്നു.

വ്യാപാരമേഖലയി​ലും പ്രതിസന്ധി

ജില്ലയിലെ വ്യാപാരകേന്ദ്രങ്ങളിലും കൂടുതലായി ജോലി​ ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകൾ, തട്ടുകടകൾ, കോഴിക്കടകൾ, പച്ചക്കറി വ്യാപാരികൾ , പലചരക്ക് കടകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിൽ അന്യസംസ്ഥാന തൊഴി​ലാളി​കൾ നിരവധിയുണ്ട്. ബസുകളിലും ഓട്ടോറിക്ഷകളിലും കൂടുതൽ യാത്രചെയ്യുന്നതും അന്യ സംസ്ഥാനക്കാരായതി​നാൽ ഈമേഖലയിലും വരുമാനക്കുറവുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലാത്തതി​നാൽ നിർമ്മാണമേഖല മന്ദഗതിയിലാണ്. പി.ഡബ്ല്യു.ഡി ജോലികളി​ൽ ചിലതൊക്കെ നിറുത്തിവച്ചിട്ടുണ്ട്.

പി.ഡബ്ല്യു.ഡി അധികൃതർ