എസ്.എസ്.എൽ.സി ഗണിത പരീക്ഷാ മൂല്യനിർണയത്തിൽ ''പിശക് ", വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡ് നഷ്ടമാകും

Thursday 23 April 2026 12:04 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഗണിതശാസ്ത്ര പരീക്ഷയുടെ മൂല്യനിർണയത്തിൽ സ്വീകരിച്ചിരിക്കുന്ന കർശന നിലപാട് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നുവെന്ന് ആക്ഷേപം.18-ാമത്തെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയവർക്ക് പോലും മാർക്ക് നിഷേധിക്കുന്ന ഉത്തരസൂചികയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ പറയുന്നു.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് മൂല്യനിർണയ ക്യാമ്പുകളിൽ ഉയരുന്നത്.അടിയന്തരമായി ഉത്തരസൂചികയിൽ ഭേദഗതി വരുത്തി കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം.

 ശരിയുത്തരമെഴുതിയാലും തെറ്റ്

"നാല് കൊണ്ട് ഹരിക്കുമ്പോൾ ഒന്ന് ശിഷ്ടം വരുന്ന എണ്ണൽ സംഖ്യകളുടെ ശ്രേണി എഴുതുക" എന്നതായിരുന്നു 18-ാമത്തെ ചോദ്യം.ഇതിന് ഉത്തരമായി 5, 9, 13, ... എന്ന ശ്രേണിയാണ് ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും എഴുതിയിരിക്കുന്നത്.എന്നാൽ 1, 5, 9, ... എന്ന് എഴുതിയവർക്ക് മാത്രമേ മാർക്ക് നൽകാവൂ എന്നാണ് സർക്കാർ നൽകിയ ഉത്തരസൂചികയിൽ നിഷ്കർഷിച്ചിരിക്കുന്നത്.

ചോദ്യത്തിൽ "എല്ലാ" എണ്ണൽ സംഖ്യകളുടെയും ശ്രേണിയെന്ന് പ്രത്യേകം ചോദിച്ചിട്ടില്ല.ആ സാഹചര്യത്തിൽ, 5-ൽ തുടങ്ങുന്ന ശ്രേണിയും ഗണിതശാസ്ത്രപരമായി പൂർണ്ണമായും ശരിയാണ്.5,9,13 തുടങ്ങിയ സംഖ്യകളെ 4 കൊണ്ട് ഹരിച്ചാൽ ഒന്ന് ശിഷ്ടം വരുമെന്നിരിക്കെ,കുട്ടികൾക്ക് മാർക്ക് നിഷേധിക്കുന്നത് നീതിയല്ല.വിഷയത്തിൽ ആഴത്തിൽ അറിവുള്ള കുട്ടികൾ പോലും 5-ൽ തുടങ്ങുന്ന ശ്രേണിയാണ് എഴുതിയിരിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു.

 കുട്ടികൾക്ക് എ-പ്ലസ് നഷ്ടമാകും

ചോദ്യത്തിന്റെ തുടർച്ചയായി വരുന്ന രണ്ട് ഉപചോദ്യങ്ങളും ആദ്യ ഭാഗത്തെ ആശ്രയിച്ചുള്ളതാണ്.ആദ്യ ഭാഗം തെറ്റാണെന്ന് കണക്കാക്കുന്നതോടെ ഈ ചോദ്യത്തിന്റെ ആകെ ലഭിക്കേണ്ട 4 മാർക്കും കുട്ടികൾക്ക് നഷ്ടമാകുന്നു.ആകെ മാർക്കിന്റെ 5 ശതമാനത്തോളം വരുന്ന 4 മാർക്ക് നഷ്ടപ്പെടുന്നത് വഴി പതിനായിരക്കണക്കിന് കുട്ടികൾ ഒരു ഗ്രേഡ് പിന്നോട്ട് പോകാനും ആയിരക്കണക്കിന് പേർക്ക് എ-പ്ലസ് നഷ്ടമാകാനും ഇടയാക്കും.