പോസ്റ്രൽ വോട്ടിന്റെ സമയം കഴിഞ്ഞെന്ന് തിര. കമ്മിഷൻ
കൊച്ചി: തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ടുകൾ ചെയ്യാത്തവർക്കായി ഇനി സൗകര്യം ഒരുക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു. പോസ്റ്റൽ ബാലറ്റുകൾ ഇനി വിതരണം ചെയ്യുന്നതും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളടക്കം പുനഃസ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പു നടപടിയുടെ പവിത്രതയെ ബാധിക്കുമെന്ന് കമ്മിഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നു.
പോസ്റ്റൽ വോട്ടു ചെയ്യാൻ അവസരം ലഭ്യമാക്കിയില്ലെന്നാരോപിച്ച് ഒരു കൂട്ടം ഉദ്യോഗസ്ഥർ ഫയൽ ചെയ്ത ഹർജികളിലാണ് വിശദീകരണം. മറുപടിക്കായി ഹർജിക്കാർ സമയം തേടിയതിനാൽ ജസ്റ്റിസ് എസ്. മനു വിഷയം വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ ശ്രമിച്ചെന്ന് കമ്മിഷൻ വിശദീകരിച്ചു. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ കൃത്യമായി പരിഗണിച്ചു. അപേക്ഷിക്കാത്തവർക്കും അപൂർണ അപേക്ഷ നൽകിയവർക്കും സമയത്തിന് പ്രതികരിക്കാത്തവർക്കുമാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കാതെ പോയത്. മറ്റുള്ളവർക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് അയച്ചിരുന്നു. ഫെസിലിറ്റേഷന് സെന്ററിന്റെ പ്രവർത്തനം ഏപ്രിൽ എട്ടു വരെയായിരുന്നു. എല്ലാ പോസ്റ്റൽ വോട്ടുകളും അതിന് ശേഷം സീൽ ചെയ്ത് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയെന്നും വിശദീകരണത്തിൽ പറയുന്നു.