കുരുന്ന് ആലിനിന്റെ കരളുമായി കളി ചിരിയോടെ കുരുന്ന് ധ്രിയ

Thursday 23 April 2026 12:47 AM IST

വാരിപ്പുണർന്ന് ആലിൻ ഷെറിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം : പത്താം മാസത്തിൽ ജീവൻ പൊലിഞ്ഞ ആലിൻ ഷെറിന്റെ കരളിൽ നിന്ന് പുതുജന്മം നേടിയ ആറ് മാസം പ്രായമുള്ള ധ്രിയ കളി ചിരിയോടെയെത്തി. കുഞ്ഞിനെ വാരിപ്പുണർന്ന് ഉമ്മ വച്ച് ആലിന്റെ മാതാപിതാക്കളായ അരുണും ഷെറിനും.

രണ്ടര മാസം മുമ്പാണ് അവയവ ദാനം നടന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ . മകളുടെ കരൾ നൽകിയ കുഞ്ഞിനെ ആദ്യമായാണ് ഇരുവരും കണ്ടത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റി വയ്ക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരലാണ് വൈകാരികമായ കൂടിക്കാഴ്ചയ്ക്ക് വേദിയായത്.

പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിനും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ഇക്കഴിഞ്ഞ ഫെബ്രുവരി 5നാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആലിൻ കൊച്ചി അമൃതയിൽ ചികിത്സയിലിരിക്കെയാണ് 13ന് മസ്തിഷ്ക മരണമുണ്ടായത്. വീട്ടുകാർ അവയദാനത്തിന് തയ്യാറായതോടെ കിംസിൽ കരളും കാത്തിരുന്ന നെയ്യാറ്റിൻകര

സ്വദേശികളായ ബൈജുവിന്റെയും,വിദ്യയുടെയും ആറു മാസം പ്രായമുള്ള മകൾ ധ്രിയയ്ക്ക് പുതുജീവൻ ലഭിക്കുകയായിരുന്നു. .

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉന്നതമായ സന്ദേശമാണ് അവയവദാനമെന്ന് കിംസ്‌ ഹെൽത്ത് സി.എം.ഡി ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെസോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ, കെസോട്ടോ സൗത്ത് സോൺ നോഡൽ ഓഫീസർ ഡോ. രാഗി കൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ഡോ.ബേസിൽ സജു, കിംസ്‌ഹെൽത്ത് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ.പ്രവീൺ മുരളീധരൻ, കരൾ മാറ്റിവെക്കൽ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ.ഷിറാസ് അഹമ്മദ് റാഥർ, ഡോ.ഷബീറലി.ടി.യു, പീഡിയാട്രിക് ഹെപ്പറ്റോളജി വിഭാഗത്തിലെ ഡോ.അനു.കെ.വാസു എന്നിവർ പങ്കെടുത്തു.

2013 ജൂലായ് 23നാണ് കിംസ്‌ ഹെൽത്തിൽ ആദ്യ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 250ഓളം കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനകം വിജയകരമായി പൂർത്തിയായി.