രണ്ടാം മെഡിസെപ് വെറും വഴിപാട്
1.25 ലക്ഷം പേരുടെ ക്ളെയിം തള്ളി
അനുവദിക്കുന്നത് ബില്ലിന്റെ പകുതി
തിരുവനന്തപുരം: ഒരു പിഴവും പരിഹരിച്ചില്ല. രണ്ടാംഘട്ട മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് ആദ്യത്തേതിനേക്കാൾ തരികിട. നിസാര കാരണങ്ങൾ പറഞ്ഞ് ക്ളെയിമുകൾ കൂട്ടത്തോടെ തള്ളുന്നു. ഒന്നേകാൽ ലക്ഷത്തോളം പേരുടെ 100 കോടി രൂപയുടെചികിത്സാ ക്ലെയിമുകളാണ് കമ്പനി നിരസിച്ചത്.
നിർബന്ധിത പോളിസിയായതിനാൽ ഇതിൽനിന്ന് പിന്മാറാൻ ജീവനക്കാർക്ക് നിയമപരമായി സാധിക്കില്ല. മെഡിസെപ് കാർഡുമായി ആശുപത്രിയിലെത്തിയാൽ നാണം കെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും. സോഫ്റ്റ് വെയർ പ്രശ്നം പറഞ്ഞ് നിരസിക്കും. അഥവാ സ്വീകരിച്ചാൽത്തന്നെ ബിൽ തുകയുടെ പകുതി മാത്രമായിരിക്കും കിട്ടുക. ബാക്കി തുക പോക്കറ്റിൽ നിന്നടയ്ക്കണം. പരാതിയുണ്ടെങ്കിൽ പറയാനും മെഡിസെപ്പിൽ സംവിധാനമില്ല.
മെഡിസെപ് നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ അവ്യക്തമാണ്. പരാതികൾ പരിഹരിക്കാനും ക്ലെയിം തടസ്സങ്ങൾ നീക്കാനുമായി വിവിധ വകുപ്പുകളിൽ ഇരുന്നൂറിലധികം നോഡൽ ഓഫീസർമാരുണ്ട്. എന്നാൽ, ഔദ്യോഗിക പട്ടികയിൽ ഈ ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ അപൂർണമാണ്. എല്ലാ നമ്പരുകളുടെയും അവസാന നാല് അക്കങ്ങൾ മാസ്‌ക് ചെയ്തിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനാകില്ല. നീതിന്യായം, കൃഷി, വിദ്യാഭ്യാസം, ധനകാര്യം, പൊലീസ് തുടങ്ങി നൂറിലധികം പ്രധാന വകുപ്പുകളിലെയും ജില്ലാ കോടതികളിലെയും നോഡൽ ഓഫീസർമാരുടെ വിവരങ്ങളാണ് ഭാഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മെഡിസെപ് പരാതികൾ
ഓൺലൈൻ ഗ്രീവൻസ് ലിങ്കുകൾ പലപ്പോഴും പ്രവർത്തിക്കില്ല. അഞ്ച് ലക്ഷം രൂപയാണ് ചികിത്സാപരിധിയെങ്കിലും വൻതുക ചെലവ് വരുന്ന ചികിത്സകൾക്ക് ചെറിയ തുകയുടെ പ്രത്യേക പരിധി നിശ്ചയിച്ചാണ് കരാർ. ബില്ലടക്കുമ്പോഴാണ് പലരും ഇതറിയുക. ക്യാഷ്‌ലെസ് സൗകര്യം നിഷേധിക്കുന്നു. പ്രീമിയം തുക വർദ്ധിപ്പിച്ചിട്ടും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ആശുപത്രികളിൽ കിട്ടുന്നില്ല.