വോട്ടിടാൻ അന്യസംസ്ഥാനക്കാർ നാട്ടിൽ തൊഴിലാളികളെ കിട്ടാതെ ഹോട്ടൽ - നിർമ്മാണമേഖല

Friday 24 April 2026 12:02 AM IST
labour

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരികെ പോയതിനാൽ ജില്ലയിലെ ഹോട്ടൽ, നിർമ്മാണ മേഖലകളിൽ തൊഴിലാളിക്ഷാമം രൂക്ഷമായി.

വോട്ട് ചെയ്തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്നും പൗരത്വമുൾപ്പെടെ പ്രശ്നത്തിലാകുമെന്നുമുള്ള വ്യാജപ്രചാരണങ്ങളിൽ ആശങ്കപ്പെട്ടാണ് തൊഴിലാളികൾ തിരികെ പോയത്. പോയവർ പലരും തിരികെയെത്തിയിട്ടില്ല. ജില്ലയിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരിൽ 70 ശതമാനത്തോളം പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. പാചക സഹായികൾ മുതൽ സർവീസ്, ക്ലീനിംഗ് വിഭാഗങ്ങളിൽ വരെ ഇവരുടെ സേവനമാണ് ഹോട്ടലുകൾ പ്രയോജനപ്പെടുത്തിയിരുന്നത്. തൊഴിലാളിക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും പ്രവർത്തനസമയം വെട്ടിക്കുറച്ചു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പലതും രാത്രികാലങ്ങളിൽ അടച്ചിടേണ്ടി വരുന്ന സാഹചര്യമാണ്. സ്പെഷ്യൽ സർവീസുകളും ഭക്ഷണ വിഭവങ്ങളും പരിമിതപ്പെടുത്തിയാണ് പല ഹോട്ടലുകളും ഇപ്പോൾ മുന്നോട്ട് പോകുന്നത്. പാചകവാതക ക്ഷാമത്തിന് പിന്നാലെ തൊഴിലാളികൾ കൂടി ഇല്ലാതായത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ഹോട്ടലുടമകളുടെ അസോസിയേഷൻ വ്യക്തമാക്കുന്നു.

നിർമ്മാണപ്രവർത്തനം പാതിവഴിയിൽ

നിർമ്മാണ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. റോഡ്, കലുങ്ക്, കെട്ടിട നിർമ്മാണം പലയിടത്തും പാതിവഴിയിൽ നിലച്ചു. പകരക്കാരെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാരും വലയുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 27,637 അന്യസംസ്ഥാന തൊഴിലാളികളാണ് ജില്ലയിലുള്ളതെങ്കിലും യഥാർത്ഥ കണക്ക് ഇതിന്റെ എത്രയോ മടങ്ങാണ്. ബംഗാളിൽ ഇന്നും 29നും നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമേ തൊഴിലാളികൾ തിരികെ എത്തുകയുള്ളുവെന്നാണ് സൂചന.

"തൊഴിലാളി ക്ഷാമം മൂലം ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണ്. ഹോട്ടലുകളിൽ പലതും അടച്ചിട്ടുണ്ട്. തുറന്നവയിൽ തന്നെ വിഭവങ്ങൾ വെട്ടിക്കുറച്ചാണ് മുന്നോട്ട് പോകുന്നത്."

-രൂപേഷ് കോളിയോട്ട്,

സംസ്ഥാന സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോ.