വിദേശത്ത് ജോലി വാഗ്ദാനം, തട്ടിയത് 18.5 ലക്ഷം

Thursday 23 April 2026 12:04 AM IST

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് യുവാക്കളിൽ നിന്ന് 18.5 ലക്ഷം രൂപ തട്ടിയതായി പരാതി. ഹംഗറിയിലെ വെയർ ഹൗസിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മാമൂട് സ്വദേശി അനന്ദു ( 28), ചെറിയേല സ്വദേശി മനു ജി.കുമാർ (28), കേരളപുരം സ്വദേശി സെയ്ദ് അലി (27) എന്നിവരിൽ നിന്നാണ് പല തവണയായി രൂപ തട്ടിയെടുത്തത്.

2024 മേയ് 17 മുതൽ 2024 ജൂലായ് 17 വരെയുള്ള കാലയളവിലാണ് ഏഴാംകുറ്റി സ്വദേശി അൻസാറും ഭാര്യയും ഫാത്തിമയും ഇടനിലക്കാരൻ മാഹിനും കൂടി തുക കൈക്കലാക്കിയതെന്നാണ് പരാതി. അനന്തു,സുഹൃത്ത് മനു എന്നിവരിൽ നിന്ന് 6 ലക്ഷം രൂപവീതവും മറ്റൊരു സുഹൃത്ത് സെയ്ദിൽ നിന്ന് 6.5 ലക്ഷം രൂപയുമാണ് തട്ടിയത്. ഒന്നാംപ്രതി അൻസാറിന്റെയും രണ്ടാംപ്രതി ഫാത്തിമയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് നൽകിയത് കൂടാതെ ആകെ തുകയിൽ 3.5 ലക്ഷം മൂന്നാംപ്രതി മാഹിൻ നേരിട്ടുവാങ്ങുകയും ചെയ്തെന്നാണ് പരാതി. പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെയാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്. തുടർന്നാണ് കുണ്ടറ പൊലീസിൽ പരാതി നൽകി. ഒന്നാംപ്രതി അൻസാർ വിദേശത്താണ്. പരാതി ലഭിച്ചയുടൻ മറ്റ് പ്രതികളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ഇവർ ഒളിവിൽ പോകുവകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കുണ്ടറ പൊലീസ് പറഞ്ഞു.