വന്യജീവികളുടെ ദാഹമകറ്റി വനത്തിനുള്ളിലെ  ചെറുതടാകങ്ങൾ

Friday 24 April 2026 12:04 AM IST

പുൽപ്പള്ളി: വന്യജീവികളുടെ ദാഹമകറ്റി വനത്തിനുള്ളിലെ ചെറുതടാകങ്ങൾ. കടുത്ത വേനലിൽ വെള്ളത്തിനായി വലയുന്ന വന്യജീവികൾക്ക് ആശ്വാസമായി മാറുകയാണ് വനത്തിനുള്ളിലെ പ്രകൃതിദത്ത തടാകങ്ങളും ജലസാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ വനം വകുപ്പ് നിർമ്മിച്ചിട്ടുള്ള തടയണകളും., മണ്ണ് കൊണ്ട് തന്നെ നിർമ്മിച്ചിട്ടുള്ള ചെറുഅണകളും വന്യമൃഗങ്ങളുടെ ജീവധാരയാകുന്നു. വയനാട് വന്യജീവി സങ്കേതങ്ങളിലും ,ബന്ദിപൂർ, മുതുമല നാഷണൽ പാർക്കുകളിലും ഇത്തരത്തിൽ ആയിരക്കണക്കിന് ചെറുജല സ്രോതസുകൾ വനംവകുപ്പ് നിർമ്മിച്ചിട്ടുണ്ട്. ഇത്തരം ജല സാന്നിദ്ധ്യമുളള സ്ഥലങ്ങളിൽ പല തരത്തിലുള്ള വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യമുണ്ട്. വനപാതകളോട് ചേർന്നുള്ള ഇത്തരം ജലസ്രോതസുകളിൽ നിന്ന് വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ കാഴ്ച വളരെ കൗതുകകരമാണ്. തമിഴ് നാട്, കർണാടക വനങ്ങൾ നേരത്തെ വരൾച്ചയുടെ പിടിയിൽ അകപ്പെട്ടതിനാൽ അവിടെ നിന്നുള്ള മൃഗങ്ങളും വയനാട് വന്യജീവി സങ്കേതത്തിലേക്ക് നേരത്തെ എത്തിയിട്ടുണ്ട്. സമീപ വമേഖലകളിൽ ജലസ്രോതസ്സുകൾ വറ്റിയതോടെ ആന, മാൻ, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങി നിരവധി ജീവികൾ നദികളോട് ചേർന്ന സ്വാഭാവിക തടാകങ്ങളെ ആശ്രയിക്കുന്ന കാഴ്ചയുമുണ്ട്.

വേനൽ കാഠിന്യം കൂടിയതോടെ ചെറുകുളങ്ങളും ചെറുനദികളും മിക്കവയും വറ്റിപ്പോയ സാഹചര്യത്തിലാണ് തടാകങ്ങൾ മാത്രം വെള്ളം നിലനിർത്തുന്നത്. വനത്തിനുള്ളിലെ താഴ്ന്ന പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നതിനാൽ മഴക്കാലത്ത് ശേഖരിച്ച വെള്ളം നീണ്ടുനിൽക്കുന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അതിശക്തമായ വേനൽമഴ പോലെ കുറച്ച് ദിവസം ലഭിച്ചാൽ വനത്തിലെയും വരൾച്ചയുടെ കാഠിന്യം കുറക്കാനും പുല്ല് മുളക്കുന്നതോടെ മൃഗങ്ങളുടെ തീറ്റയ്ക്കും സഹായകമാകുമെന്ന് വനപാലകർ പറയുന്നു.