മണ്ണ് ഖനനത്തിലെ ലക്ഷങ്ങളുടെ കോഴ: നടപടി തുടരുമെന്ന് വിജിലൻസ്

Thursday 23 April 2026 12:18 AM IST

തിരുവനന്തപുരം: മണ്ണ് ഖനനത്തിലെ അഴിമതി കണ്ടെത്താൻ ഓപ്പറേഷൻ 'എർത്ത് ഗാർഡ്' എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡിന്റെ തുടർച്ചയായി പരിശോധനകളുണ്ടാവുമെന്ന് വിജിലൻസ്. ജിയോളജി വകുപ്പ് ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വിജിലൻസ് നടത്തിയ റെയ്ഡുകളിൽ ലക്ഷങ്ങളുടെ കോഴയിടപാടുകൾ കണ്ടെത്തിയിരുന്നു. മൈനിംഗ് ആൻഡ് ജിയോളജി, തദ്ദേശ വകുപ്പുകളിലെ 14 ഉദ്യോഗസ്ഥർ മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നുമായി 4,69,800 രൂപ ഗൂഗിൾപേയടക്കം യു.പി.ഐ വഴി കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ, ഇടനിലക്കാർ, മണ്ണ് മാഫിയ സംഘങ്ങൾ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് നടപടിയെടുക്കും. ഖനനത്തിന് അനുമതി നൽകിയ സ്ഥലങ്ങളിൽ ഫീൽഡ് വെരിഫിക്കേഷനും തുടരും. ക്രമക്കേട് കണ്ടെത്തിയിടങ്ങളിൽ വസ്തു ഉടമയിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകും. അനധികൃതമായി നീക്കം ചെയ്ത മണ്ണിന്റെ അളവിനനുസരിച്ച് നിയമാനുസൃതമായി നൽകേണ്ട റോയൽ​റ്റിയുടെ അഞ്ചിരട്ടി തുകയാണ് പിഴയീടാക്കുകയെന്നും വിജിലൻസ് വ്യക്തമാക്കി. കൈക്കൂലിയിടപാട് കണ്ടെത്തിയതിൽ കുറ്റക്കാർക്കെതിരേ കേസെടുക്കും. ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്യും.