പുലികളിയിൽ മുന്നിൽ, മിസ്റ്റർ തൃശൂർ: മണികണ്ഠന്റെ ഓർമ്മയ്‌ക്കായി ശേഷിച്ചത് കടുക്കൻ

Thursday 23 April 2026 2:24 AM IST

തൃശൂർ: പൂരവും പുലികളിയും വെടിക്കെട്ടുമെല്ലാം മിസ്റ്റർ തൃശൂറായ മണികണ്ഠന് (33) ഹരമായിരുന്നു. പക്ഷേ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലെത്തിക്കുമ്പോൾ മണികണ്ഠനെ തിരിച്ചറിയാൻ ശേഷിച്ചത് ഒരു ചെവിയിലെ കടുക്കൻ മാത്രം. പിന്നെ കത്തിക്കരിഞ്ഞ ചില ശരീരഭാഗങ്ങളും. ആ കടുക്കനും മാംസപേശികളും കണ്ട് സഹോദരൻ രാജീവ് വിങ്ങിപ്പൊട്ടി.

മണികണ്ഠൻ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ പലപ്പോഴും പോകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെടിക്കെട്ട് നിർമ്മാണ തൊഴിലാളികൾക്ക് സഹായിയുമാകും. അതിനിടയിലായിരുന്നു ദുരന്തം. ചെറുപ്പം മുതലേ കായികമത്സരങ്ങളോടും കമ്പമായിരുന്നു. ബോഡി ബിൽഡിംഗിനായി ജിംനേഷ്യത്തിൽ പതിവായി പോകാറുണ്ടായിരുന്നു. അങ്ങനെ മിസ്റ്റർ തൃശൂരുമായി. പൂരം കഴിഞ്ഞാൽ പുലിക്കളിയുടെ നടത്തിപ്പിനുള്ള ഓട്ടത്തിലാകും. 2022, 2023, 2024 വർഷങ്ങളിൽ സീതാറാം മിൽ ദേശത്തിന്റെ മുൻവരിയിൽ പുലിവേഷം കെട്ടിയാടി. തിരുവമ്പാടി ദേവസ്വത്തിന്റെ ആഘോഷകമ്മിറ്റ് അംഗമായിരുന്നു മണികണ്ഠൻ.

വടക്കുന്നാഥ ക്ഷേത്രത്തിലെയും തിരുവമ്പാടിയിലെയും എല്ലാ ചടങ്ങുകൾക്കും മണികണ്ഠൻ മുന്നിലുണ്ടാകും. ഏതാനും വർഷമായി ദോശമാവ് വിതരണമായിരുന്നു തൊഴിൽ. തൃശൂർ കോട്ടപ്പുറം കാമത്ത് ലൈനിൽ നാരായണപിള്ള നിവാസിൽ വെങ്കിടാചലത്തിന്റെയും ശ്രീദേവിയുടെയും മകനാണ്. സഹോദരൻ രാജീവ് ഡ്രൈവറാണ്.

 വിറങ്ങലിച്ച് കോട്ടപ്പുറം അപകടത്തിന് പിന്നാലെ കാണാതായ അഭിജിത്ത്, പി. ഗിരി എന്നിവരെ കാത്തിരിക്കുകയാണ് കോട്ടപ്പുറം കാമത്ത് ലൈൻ. ഇരുവരും മണികണ്ഠനൊപ്പം വെടിക്കെട്ട് പുരയിൽ പോയിരിക്കാമെന്നാണ് സംശയിക്കുന്നത്. അഭിജിത്ത് (27) അച്ഛൻ അരങ്ങത്ത് ബാബുവിനൊപ്പം കഴിഞ്ഞ പൂരത്തിനും വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. സ്വർണപ്പണിക്കാരനായ ബാബു ആറ് മാസം മുൻപ് മരിച്ചു. അമ്മ: അശ്വതി. ഒരു സഹോദരനും സഹോദരിയുമുണ്ട്. മോട്ടോർ വാഹനക്കമ്പനിയിൽ മെക്കാനിക്കായ അഭിജിത്ത്, കൊടിയേറ്റം കഴിഞ്ഞാൽ പൂരം കഴിയും വരെ വടക്കുന്നാഥന്റെ മണ്ണിലാകും. പി. ഗിരിയും പൂരവും വെടിക്കെട്ടും നെഞ്ചേറ്റിയ സംഘാടകനാണ്. സഹോദരൻ പി. ഹരിയെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കാൻ മെഡിക്കൽ കോളേജിത്തിച്ചിട്ടുണ്ട്.