മുണ്ടത്തിക്കോട് അപകടം സവിശേഷ ദുരന്തം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ഓൺലൈനായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ അടിയന്തര സഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ സർക്കാർ ജില്ല ഭരണകൂടത്തിന് കൈമാറി.
സ്‌ഫോടനത്തെ സംസ്ഥാനത്തെ സവിശേഷദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം നൽകും. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേക സഹായമായി രണ്ട് ലക്ഷം രൂപയും നൽകും. പരിക്കേറ്റവരെ ആറുമാസം സർക്കാർ - സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കുന്നതിന്റെ പൂർണമായ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ആറു മാസത്തിലധികം ചികിത്സ വേണ്ടിവരികയാണെങ്കിൽ അതിന്റെ പൂർണ ചെലവ് സി.എം.ഡി.ആർ.എഫിൽ നിന്നു നൽകും.
ആവശ്യമായ തുക കളക്ടർക്ക് ദുരന്ത പ്രതികരണനിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാനുള്ള തീരുമാനമെടുത്തു. തെരച്ചിലും ചികിത്സയും നടപ്പിലാക്കാനായി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവസ്ഥിതിയിലാക്കാനായി ചെലവാകുന്ന തുക കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാശനഷ്ടം ഉണ്ടായ കെട്ടിടത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി അതിന്റെ തോത് കണക്കാക്കി അടിയന്തരമായി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിമാരോട്'ചക്കപ്പരാതി'യുമായി യുവതി
തൃശൂർ: വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് മന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതിന് തൊട്ടുമുൻപ് കോൺഫറൻസ് ഹാളിലേക്ക് കയറി യുവതിയുടെ പ്രതിഷേധം. വീടുമായി ബന്ധപ്പെട്ട പരാതിയിൽ വർഷങ്ങളായി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മന്ത്രിമാരുടെ മുന്നിൽ നിലയുറപ്പിച്ചത്. പിന്നീട്, വീട്ടിലെ പ്ലാവിൽ നിന്ന് ചക്ക വീഴുന്നുവെന്നും അപകടസാദ്ധ്യതയുണ്ടെന്നും മറ്റും പരസ്പരവിരുദ്ധമായി യുവതി സംസാരിച്ചു. മന്ത്രിമാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാൻ തയ്യാറായില്ല. വനിതാപൊലീസെത്തി യുവതിയെ നീക്കം ചെയ്തശേഷമാണ് വാർത്താസമ്മേളനം തുടങ്ങിയത്.