മുണ്ടത്തിക്കോട് ദുരന്തം അന്വേഷിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ

Thursday 23 April 2026 2:41 AM IST

തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തും. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരാണ് ഏകാംഗ കമ്മിഷൻ. പൊലീസ് അന്വേഷണത്തിന് പുറമെയാണിത്. അന്വേഷണത്തിനുള്ള ടേംസ് ഒഫ് റഫറൻസ് പ്രത്യേക ഉത്തരവായി പുറത്തിറക്കുമെന്നും മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൃതശരീരങ്ങൾ സംസ്‌കരിക്കുന്നതിനും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നതിനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു വേണ്ടി സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ പുറത്തിറക്കാൻ ദുരന്തനിവാരണ അതോറിട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ വി.എൻ.വാസവൻ,​ ഡോ. ആർ.ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി.രാജേഷ്, ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.

സംയുക്ത പരിശോധന

ചികിത്സയിൽ കഴിയുന്നവരെ രക്ഷിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനമായും ചെയ്യുന്നതെന്നും യുദ്ധകാല അടിസ്ഥാനത്തിലുള്ള ട്രീറ്റ്‌മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ചിന്നിച്ചിതറിയ ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തു നിന്ന് ലഭിക്കുന്നത്. ഡി.എൻ.എ സാമ്പിളുകൾ പരിശോധിച്ചാൽ മാത്രമേ മരിച്ചവരെയെല്ലാം തിരിച്ചറിയാനാകൂ. അതിനുവേണ്ടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റട്ടിൽ നിന്നുള്ള സംഘം എത്തിയിട്ടുണ്ട്. മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ മൂന്ന് കഡാവർ നായ്ക്കളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. ഡിസാസ്റ്റർ മാനേജ്‌മെന്റ്, പൊലീസ്, ഫയർഫോഴ്‌സ്, ജില്ല ഭരണകൂടം, ഫോറൻസിക് വിദഗ്ദ്ധർ, പെസോ ടീം, സ്‌കൂബ ടീം എന്നിവർ പരിസരപ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.